അന്തിക്കാട് : അന്തിക്കാട്ടെ പ്രവാസി കൂട്ടായ്മയായ ദി അന്തിക്കാട്സ് യു എ ഇ അസോസിയേഷൻ്റെ 33-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹോത്സവത്തിന് തുടക്കമായി. ഇതിനോടനുബന്ധിച്ച് നടത്തിയ കുട്ടികൾക്കുള്ള ചിത്രരചന മത്സരവും വനിതകൾക്കായുള്ള പായസ പാചക മത്സരവും ആകർഷകമായി.അന്തിക്കാട്ടുള്ള അസോസിയേഷൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകലാധ്യാപകൻ എസ് കുമാർ ചിത്രരചന മത്സരത്തിനും, ശ്രീവത്സം തൃപ്രയാർ പായസ -പാചക മത്സരത്തിനും നേതൃത്വം നൽകി. പായസമത്സരത്തിൽ ബീന വിജയൻ ഉണ്ണിപിണ്ടിയിൽ തയ്യാറാക്കിയ പായസം ഒന്നാം സ്ഥാനവും, ഗിരിജ അശോകൻ ഉണ്ടാക്കിയ ചക്കപഴം പ്രഥമൻ രണ്ടാം സ്ഥാനവും, സിനി സുനിൽ കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കിയ പായസം മൂന്നാം സ്ഥാനവും നേടി. ചിത്രരചന മത്സരങ്ങളുടെ ഫലപ്രഖ്യാപനം പിന്നീട് നടത്തും. ഞായറാഴ്ച രാവിലെ 9 മുതൽ പകൽ 12 വരെ മെഡിക്കൽ ക്യാമ്പും, പകൽ 2 ന് ലഹരിക്കെതിരെ ബോധവത്ക്കരണവും നടത്തും.
വൈകീട്ട് 3ന് സിനിമ നാടക മാധ്യമ മേഖലകളിലെ പ്രവർത്തകരേയും പ്രവാസി കുടുംബങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിക്കും. അന്തിക്കാട് മേഖലയിലെ സിനിമാ നാടക പ്രവർത്തകരായ 12 പേരെയും, അന്തിക്കാട് പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയുമാണ് ആദരിക്കുക.
ആഗസ്റ്റ് 9 ന് പ്രവാസ ലോകത്തെ അന്തിക്കാട്ടുക്കാർ എന്ന വിഷയത്തിൽ സെമിനാർ നടക്കും. പരിപാടികൾക്ക് പ്രോഗ്രാം കമ്മറ്റി ചെയർമാൻ രാജീവ് സുകുമാരൻ, ജനറൽ കൺവീനർ ജിനേഷ് മൂത്തേടത്ത്, കൺവീനർ ഷാജി കളരിക്കൽ, ജോ: കൺവീനർ സക്കീർ ഹുസൈൻ പി പറമ്പത്ത്, വൈസ് ചെയർമാൻ ഷൈനി പ്രദീപ് മേനോൻ എന്നിവർ നേതൃത്വം നൽകി.
