തൃശ്ശൂർ: കൽദായ സുറിയാനി സഭ മുൻ ആർച്ച് ബിഷപ്പ് ഡോ: മാർ അപ്രേം (85) കാലം ചെയ്തു. തൃശ്ശൂർ സൺ ആശുപത്രിയിലായിരുന്നു അന്ത്യം. ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
തൃശ്ശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കൻ കുടുംബത്തിൽ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിന്റെയും
10 മക്കളിൽ നാലാമനായി 1940 ജൂൺ 13-നാണ് ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന മാർ അപ്രേം മെത്രാപ്പോലീത്ത ജനിച്ചത്. യുണൈറ്റഡ് തിയോളജിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിയൻ തിയോളജിക്കൽ സെമിനാരി, പ്രിൻസ്ടൺ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്.
മദ്രാസിലെ മാർത്തോമ ഹയർസെക്കൻഡറി സ്കൂളും തൃശ്ശൂരിലെ കാൽഡിയൻ കോളേജും സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
