ചേർപ്പ് :ചന്തയുടെ നവീകരണത്തിന്റെ ഭാഗമായി ചന്തയിലെ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ റാലിയും ധർണ്ണയുംനടത്തി.
വികസനം വാക്കിലല്ല, പ്രവൃത്തിയിൽ കൊണ്ടുവരൂ എന്ന മുദ്രാവാക്യമുയർത്തി നൂറുകണക്കിന് വ്യാപാരികൾ സമരത്തിൽ അണിനിരന്നു. ജില്ലാ പ്രസിഡൻ്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ കെ.കെ. ഭാഗ്യനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻ.കെ. ഷാജഹാൻ , ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജോയ് മുത്തേടൻ, എം. നാരായണദാസ്, ലൂക്കോസ് തലകോട്ടൂർ , പ്രതീഷ് പോൾ, പി.അരുൺ , താജുദ്ദീൻ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു. ചേർപ്പ് ചന്തയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി പെരുമ്പിള്ളിശേരി വഴി പഞ്ചായത്തിന് സമീപം സമാപിച്ചു.
