വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രത്തിലെ ദീപാവലിയോടനുബന്ധിച്ചുള്ള പരിപാടിക്കിടെ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ വാടാനപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തയാളെ പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ബലമായി മോചിപ്പിക്കുകയും പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിൽ ഏഴു പ്രതികളെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തൃത്തല്ലൂർ സ്വദേശികളായ മണ്ണാംതിണ്ടി വീട്ടിൽ മണി (37), പൊറ്റയിൽ വീട്ടിൽ പവിൻ (30), പെരുമ്പായിൽ വീട്ടിൽ അരുൺദേവ് (32), വാടാനപ്പള്ളി മണപ്പാട് സ്വദേശികളായ പുറത്താള വീട്ടിൽ അജയ് (40), വടക്കുഞ്ചേരി വീട്ടിൽ ഹിറോഷ് (41), പൊറ്റയിൽ വീട്ടിൽ കിഷൻ (39), കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ മണപ്പാട് ശ്രീനാഥ് (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
നവംബർ 8-ന് രാത്രി 9.30യോടെ ആയിരംകണ്ണി ക്ഷേത്രത്തിലെ പരിപാടിക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ അടിപിടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ ചിതറിയോടിയ സംഘത്തിൽപ്പെട്ട ഒരാളെ പിന്തുടർന്ന് പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പ്രതികൾ സംഘടിച്ചെത്തി വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ പി.വി.അവിനാഷ് കുമാർ, എസ് ഐ ഗോകുൽ, സിപിഒ മുഹമ്മദ് നൗഫൽ എന്നിവരുടെ ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കസ്റ്റഡിയിലെടുത്തയാളെ പോലീസിന്റെ കൈയിൽനിന്ന് ബലമായി മോചിപ്പിച്ച് പോലീസ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് ഉപകരണം വലിച്ചുപൊട്ടിക്കുകയും വാഹനത്തിന്റെ പിൻ ബമ്പർ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തത്. ഇതുമൂലം 5,000 രൂപയുടെ നാശനഷ്ടം നേരിട്ടു. സ്ഥലത്തെത്തിയ കൂടുതൽ പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്
