തൃശൂർ: ചേലക്കരയിൽ പൂട്ടിയിട്ട വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന് 95,000 രൂപ കവർന്നതായി പരാതി. ചേലക്കോട് കായാംപൂവ്വം വട്ടപ്പറമ്പിൽ വീട്ടിൽ നബീസയുടെ വീട്ടിലാണ് മോഷണം. സെപ്റ്റംബർ 14ന് വൈകുന്നേരം 4 മണിക്കും 19ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ കട്ടിള ഇളക്കിമാറ്റി അകത്ത് കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ ബെഡ്ഢിനടിയിൽ സൂക്ഷിച്ചു വച്ചിരുന്ന 80,000 രൂപയും അലമാരയിൽ ഉണ്ടായിരുന്ന 15,000 രൂപയും കവർന്നു. സംഭവത്തിൽ ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
