അരിമ്പൂർ: ഗവ. യു.പി. സ്കൂളിൽ ഹൈടെക് നിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അധ്യാപക ദിനമായ സെപ്റ്റംബർ 5ന് നടക്കും. മണലൂർ എം.എൽ.എയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിക്കും. അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എൽ. ജോൺസൺ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനച്ചടങ്ങിന് മിഴിവേകുന്നതിനായി സ്കൂളിലെ പൂർവവിദ്യാർത്ഥിയും പ്രശസ്ത തിമില വിദഗ്ധനുമായ പരയ്ക്കാട് തങ്കപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറും. വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പൂർവ അധ്യാപകരെ ആദരിക്കുന്ന ‘സമാദരം’ പരിപാടിയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. മൾട്ടി പർപ്പസ് ഹാളും വിശാലമായ ക്ലാസ് മുറികളും ഉൾപ്പെടുന്ന കെട്ടിടം വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതോടൊപ്പം സ്കൂളിന്റെ അക്കാദമിക-സർഗാത്മക പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കും.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അരിമ്പൂർ ഗവ. യു.പി. സ്കൂളിന്റെ വികസനചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
previous post
