കണ്ടശ്ശാംകടവ് : ഓണാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് അവർ റോളിങ് ട്രോഫിക്ക് വേണ്ടി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിന് 16 ന് അത്തം നാളിൽ രാവിലെ ഒമ്പതിന് കൊടികയറും.
വൈകിട്ട് നാലിന് വാടാനപ്പള്ളിയിൽ നിന്നും ജലോത്സവം നഗരിയായ സൗഹൃദ തീരത്തേക്ക് അത്തം ഘോഷയാത്ര നടക്കുമെന്ന് സംഘാടകസമിതി മുഖ്യരക്ഷാധികാരി പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ. അവലോകന യോഗത്തിൽ പറഞ്ഞു.
23 മുതൽ 26 വരെ എല്ലാ ദിവസവും കലാകായിക പരിപാടികളോടെ സാംസ്കാരികോത്സവം നടക്കും.
27ന് ചുണ്ടൻ വള്ളങ്ങളും മുപ്പതോളം ചുരുളൻ ഇരുട്ടുകുത്തി വിഭാഗത്തിൽ പെടുന്ന വള്ളങ്ങളും മാറ്റുരയ്ക്കുന്ന ജലമേള നടക്കും
യോഗത്തിൽ ചെയർമാൻ മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് അധ്യക്ഷയായി. കോർഡിനേറ്റർ വി.എൻ. സുർജിത്ത് , ട്രഷറർ കെ.വി. വിനോദൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഐ. സജിത, അംഗങ്ങളായ കെ.പി.സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ അശോകൻ മുക്കോല, സി. കെ. ആൻ്റോ ലിജോ, ഷില്ലി ജിജുമോൻ എന്നിവർ പ്രസംഗിച്ചു.
