തൃപ്രയാർ: പി എം ശ്രീ പദ്ധതി അംഗീകരിക്കാൻ യു ഡി എഫ് ഗവൺമെൻ്റിന് ഒരു മാസം പോലും വേണ്ടി വന്നില്ലെന്നും ആർ എസ് എസ് അജണ്ട നടപ്പിലാക്കാനുള്ള ഡീൽ ആണ് ഇതിന് പിന്നിലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. സിപിഎം നേതാവ് കെ.വി. പീതാംബരൻ ചരമ വാർഷിക ദിനത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം നാട്ടിക ശ്രീ നാരായണ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് താൽപ്പര്യത്തിൻ്റെ പേരിലാണ് ഇപ്പോൾ പി എം ശ്രീയിൽ ഒപ്പിടുന്നത് എന്ന് മുഖ്യമന്ത്രി പറയണം. 30 സീറ്റ് കിട്ടിയാൽ ബി ജെ പി കേരളം ഭരിക്കുമെന്ന് മുൻപ് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു എന്നാൽ വെറും 3 സീറ്റ് മാത്രം കിട്ടിയപ്പോൾ ബി ജെ പി കേരളം ഭരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര ഗവൺമെൻ്റിനെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല. ഒരു മാസത്തിനുള്ളിൽ വിനീതവിധേയനായി മാറുകയാണ് യു ഡി എഫ് ഗവൺമെൻ്റ്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് തുറന്നു കാട്ടപ്പെട്ട മറ്റൊരു സർക്കാർ ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിന് തുടർച്ചയുണ്ടായാൽ വലതുപക്ഷത്തിനാകെ നാശം ആകും എന്ന് കണ്ട് എല്ലാ വലതുപക്ഷ പിന്തുണയുള്ള ശക്തികൾ ഒരുമിച്ച് നിന്നാണ് പ്രവർത്തിച്ചത്.2021 മുതൽ തന്നെ ഈ പ്രവർത്തനം ആരംഭിച്ചു. ആസൂത്രിതമായ പദ്ധതി ഇതിന് പിന്നിലുണ്ടായിരുന്നു. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിൽ ഇവർ വിജയിക്കുകയായിരുന്നു. ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു അധ്യക്ഷനായി.സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, പി എം അഹമ്മദ്,അഡ്വ.വി കെ ജ്യോതിപ്രകാശ്, കെ എ വിശ്വംഭരൻ, കെ ആർ സീത, ടി എസ് മധുസൂദനൻ, കെ ബി ഹംസ,കെ വി പീതാംബരൻ്റെ ഭാര്യ സരസ്വതി തുടങ്ങിയവർ സംസാരിച്ചു.രാവിലെ നാട്ടികയിലെ കെ വി പീതാംബരൻ്റെ വീട്ടുവളപ്പിലെ സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
