തൃപ്രയാർ: കിഴക്കേ നടയിൽ കാർ ആക്രമിച്ച് 16 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. കേസിൽ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചു. അതിനിടെ കേസിന് വഴിത്തിരിവായി പ്രതികൾ എത്തിയ ഇന്നോവ കാർ എടത്തിരുത്തി പൈനൂർ പൂക്കോട്ട് ശിവക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 പേർ അടങ്ങുന്ന സംഘത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല. പാലക്കാട് വെളിയൂർ പഞ്ചായത്തംഗം മുഹമ്മദ് റാഫിയും സുഹൃത്തുക്കളും ഉൾപ്പെട്ട കാർ യാത്രക്കാരാണ് തൃപ്രയാർ കിഴക്കേ നടയിൽ പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമിപം വെള്ളിയാഴ്ച രാത്രി ആക്രമണത്തിനിരയായത്. ട്രേഡിംഗിന് വേണ്ടി പണം ഡോളറിലേക്ക് മാറ്റി നൽകാമെന്ന് പറഞ്ഞാണ് ഇവരെ ത്യപ്രയാറിലേക്ക് വിളിച്ചു വരുത്തിയത്. രഞ്ജിത്ത് എന്നയാളാണ് തങ്ങളെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് വന്നത്. ഇയാൾ വഴിയിൽ വെച്ച് ഇവരുടെ കാറിൽ കയറുകയും ചെയ്തു. പിന്നീട് ഉൾഭാഗത്ത് എത്തിയപ്പോൾ വീടെന്ന് പറഞ്ഞ് കാർ നിർത്തിക്കുകയായിരുന്നു. സിസിടിവി ഇല്ലാത്ത ഭാഗത്തായിരുന്നു ഇവരെ എത്തിച്ചത്. പിന്നീട് മറ്റൊരു കാറിലെത്തിയ സംഘം അക്രമം നടത്തി പണം തട്ടിയെടുക്കുകയായിരുന്നു. കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്‌പ്രേ ചെയ്താണ് പണം തട്ടിയതെന്നാണ് ആക്രമിക്കപ്പെട്ടവർ പറയുന്നത്. എട്ടുപേർ കാറിലുണ്ടായിരുന്നതായാണ് പറയുന്നത്. ഒരാൾ ബൈക്കിൽ ഇവരെ പിന്തുടർന്നിരുന്നതായും പറയുന്നുണ്ട്. 16.45 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഇവർ പറയുന്നു. പ്രതികൾ എത്തിയ ഇന്നോവ കാർ അഴീക്കോട് സ്വദേശിയുടേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഉടമയെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുക്കും. പ്രദേശങ്ങളിലെ സിസിടിവി കാമറകളിൽ നിന്നും എടുത്ത ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ സമാന കേസുകളിൽ ഉൾപ്പെട്ട രഞ്ജിത്ത് എന്ന ആളാണ് തൃപ്രയാറിലെ സംഭവത്തിനു പിന്നിലെന്നുമാണ് പോലിസിന് ലഭിക്കുന്ന വിവരം. പ്രതികൾക്കായി ജില്ലയിലും പുറത്തും പോലീസ് അന്വഷണം ഊർജിതമാക്കിയിട്ടുണ്ട്.
