ചേർപ്പ്: നിർമ്മാണം മുടങ്ങി ഗതാഗതക്കുരുക്കും യാത്രാദുരിതവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കണിമംഗലം–പാലയ്ക്കൽ റോഡിന്റെ നിർമ്മാണം വേഗത്തിലാക്കാൻ ഗീതാ ഗോപി എംഎൽഎയുടെ ഇടപെടലിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. റോഡ് നിർമ്മാണത്തിലെ തടസങ്ങൾ വിശദമായി ചർച്ച ചെയ്യുകയും, നിലവിലെ പ്രവൃത്തികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ. എസ്. ടി. പി ) അധികൃതർ ഉറപ്പുനൽകി.
പ്രദേശവാസികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുചേർത്തത്. നിർമ്മാണം നീണ്ടു പോകുന്നതുമൂലം കണിമംഗലം, പാലയ്ക്കൽ, അവിണിശ്ശേരി, ചേർപ്പ് മേഖലകളിലെ യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവന്നിരുന്നത്. മഴക്കാലത്ത് റോഡിലെ ചെളിയും കുഴികളും അപകടസാധ്യത വർധിപ്പിക്കുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.
നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാനും ബാക്കിയുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും റോഡ് നിർമ്മാണത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേരിട്ടുള്ള നീരീക്ഷണമുണ്ടായിരിക്കുമെന്നും കളക്ടർ ഉറപ്പുനൽകി.
യോഗത്തിൽ അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസ്‌ലി ജോയ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല അമീർ, കെ എസ് ടി പി ഉദ്യോഗസ്ഥർ, റോഡ് നിർമ്മാണ കരാറുകാരൻ, ആർടിഒ ഉദ്യോഗസ്ഥർ, പോലീസ് പ്രതിനിധികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
