അന്തിക്കാട് : കിഴുപ്പിള്ളിക്കര സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽക്കേസിലെ പ്രതിയും അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ കിഴുപ്പിളളിക്കര ഏങ്ങാണ്ടി വീട്ടില്‍ ബ്രാവോ എന്നറിയപ്പെടുന്ന അനന്തകൃഷ്ണന്‍ (23)നെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
ബ്രാവോ എന്നറിയപ്പെടുന്ന അനന്തകൃഷ്ണൻ അന്തിക്കാട്, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകളിലും ഏഴ് അടിപിടിക്കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച കേസ്സിലും മയക്ക് മരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം പതിനാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ് ഐ എം..അഫ്സൽ, ജിഎസ് സിപിഒ സി.വി. കൃജേഷ്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
