തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തിന് ഔദ്യോഗിക തുടക്കമിട്ട് തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യ കൊടിയേറ്റം. രാവിലെ എട്ടരയോടെ ആരംഭിച്ച പഞ്ചാരിമേളം കൊട്ടിക്കയറിയതോടെ ദേവസ്വം ഭാരവാഹികൾ പൂജിച്ച കൊടിക്കൂറ ഏറ്റുവാങ്ങി. കുരവയുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ തിരുവമ്പാടിയില്‍ പൂരക്കൊടി ഉയർത്തി. തുടർന്ന് നായ്ക്കനാലിലും നടുവിലാലിലും കൊടി ഉയർത്തി. പതിനൊന്നരയോടെ പാറമേക്കാവിലും കൊടിയേറ്റം നടന്നു. പൂരപ്രേമികൾ കാത്തിരിക്കുന്ന പ്രധാന ചടങ്ങുകൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. ഏപ്രിൽ 24ന് വർണ്ണവിസ്മയം തീർക്കുന്ന ചമയ പ്രദർശനം. അന്ന് വൈകിട്ട് 7 മണിക്ക് വാനിൽ വിസ്മയം തീർത്ത് സാമ്പിൾ വെടിക്കെട്ട്. ഏപ്രിൽ 25ന് പൂര വിളംബരം. ഏപ്രിൽ 26നാണ് തൃശൂർ പൂരം. പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, പിന്നെ ആവേശമുയർത്തുന്ന കുടമാറ്റം. ഏപ്രിൽ 27ന് പകൽപ്പൂരത്തിന് ശേഷം ഈ വർഷത്തെ പൂരത്തിന് തിരശ്ശീല വീഴും.
