പഴുവിൽ : പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടു തിരുനാളിനോടനുബന്ധിച്ചുള്ള കൂട് തുറക്കൽ ശുശ്രൂഷ ഇടവകപള്ളിയിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. തുടർന്ന് ഇടവകപള്ളിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം തീർത്ഥകേന്ദ്രത്തിൽ സമാപിച്ചു. പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ജോബ് വടക്കൻ, അസി. വികാരി ഫാ. ടോൾമിൻ മൊറേലി, ട്രസ്റ്റിമാരായ ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, തിരുനാൾ ജനറൽ കൺവീനർ സ്റ്റാൻലി ജോസഫ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30-ന് ഇടവകപ്പള്ളിയിലും എട്ടിനും പത്തിനും വൈകീട്ട് നാലിനും തീർത്ഥകേന്ദ്രത്തിലും വിശുദ്ധകുർബ്ബാനയുണ്ടാകും. അടിമസമർപ്പണം രാവിലെ 10ന് നടക്കും. രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന നടക്കും. വൈകീട്ട് നാലിനുള്ള കുർബ്ബാനയ്ക്ക് ശേഷം തീർത്ഥകേന്ദ്രത്തിൽ നിന്ന് ഇടവകപ്പള്ളിയിലേക്ക് പ്രദക്ഷിണം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നേർച്ച ഊട്ട് നടക്കും. തിങ്കളാഴ്ച വൈകീട്ട് ഏഴിന് കൊച്ചിൻ തരംഗ് ബീറ്റ്‌സിന്റെ ഗാനമേള അരങ്ങേറും. ഏപ്രിൽ 26ന് എട്ടാമിടം ആഘോഷിക്കും.
