തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ രാജൻ ഒല്ലൂർ നിയോജക മണ്ഡലം വരണാധികാരിയായ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് ഒല്ലൂർ മണ്ഡലം സെക്രട്ടറി എം എസ് പ്രദീപ്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പി ഡി റെജി, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി നെല്ലിക്കുഴി, മുൻ തൃശൂർ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി എന്നിവർ ഒപ്പമുണ്ടായിരുന്നു.
രാമനിലയം പരിസരത്തു നിന്ന് ഇടതുപക്ഷ മുന്നണി പ്രവർത്തകരും നേതാക്കളും സുഹൃത്തുകളും ചേർന്ന് വാദ്യമേളവും കാവടികളുമായി സ്ഥാനാർത്ഥിയെ അഗ്രിക്കൾച്ചറൽ ആസ്ഥാനം വരെ ആനയിച്ചു.
രാവിലെ അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിലും കൊച്ചനിയൻ മണ്ണുത്തിയിലെ കൊച്ചനിയൻ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനയ്ക്ക് ശേഷമാണ് കെ രാജൻ പത്രികാ സമർപ്പണത്തിന് എത്തിയത്.
