തൃശ്ശൂർ: രാമവർമ്മപുരം മണ്ണുകാട് പ്രദേശത്ത് കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. തൃശ്ശൂർ കോർപ്പറേഷൻ ഏഴാം ഡിവിഷനിൽ ഉൾപ്പെട്ട മണ്ണുകാട് പൂശേരി പ്രകാശന്റെ വീട്ടിലെ 40 അടി താഴ്ചയുള്ള കിണറ്റിലാണ് പശു വീണത്. സമീപവാസിയായ സുധാകരൻ പൊരിയത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പശു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം.ജി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഓഫീസർമാരായ കെ. ശിവദാസൻ, സി.ജി. ആദർശ് എന്നിവർ ലാഡർ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഹോസ് ബെൽറ്റും റോപ്പും ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി കെട്ടി നിർത്തി.
തുടർന്ന് ഫയർ ഓഫീസർമാരായ പ്രതീഷ് പി.കെ, ജിമോദ് വി.വി, അനീഷ് എസ്, ഹോം ഗാർഡ് വിജയൻ എന്നിവരും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമത്തിനൊടുവിൽ പശുവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തു. പശുവിനെ ഉടമസ്ഥന് കൈമാറി.
