അന്തിക്കാട് : യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കൊലപാതക കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.പെരിങ്ങോട്ടുകര അതിശയ റോഡ് സ്വദേശി പുതുവീട്ടിൽ സനത് (28) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
വല്ലപ്പാട് ബീച്ച് സ്വദേശി വെള്ളിയിൽ വീട്ടിൽ വൈശാഖ് (35) എന്നയാളെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ഈ മാസം ഏഴിന് രാത്രി 8.15 ഓടെ പെരിങ്ങോട്ടുക്കര കാനടി കാവിന് സമീപം വൈശാഖിന്റെ ഭാര്യവീടിന്റെ മുൻവശത്തെ റോഡിൽ വെച്ചാണ് വൈശാഖിനെ സനതും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞുനിർത്തുകയും ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വൈശാഖ് സനത്തിന്റെ വീട്ടിൽ പോയി സനത്തിന്റെ ബന്ധുവായ സ്ത്രീയോടു സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സനത്ത് വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോതകുളത്ത് വെച്ച് 2021 ജനുവരി ഏഴിന് ജോഷി എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും മൂന്ന് അടിപിടി കേസിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ നല്ല നടപ്പിനുള്ള ജാമ്യമെടുപ്പിച്ച കേസ്സിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
അന്തിക്കാട് സി.ഐ. കേഴ്സൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
