വാടാനപ്പള്ളി : രണ്ട് വാർഡുകൾ വർധിച്ചിട്ടും ഒരു വാർഡ് പോലും കൂടുതൽ കിട്ടാതെ സി.പി.ഐ ഇടഞ്ഞു നിൽക്കുന്ന വാടാനപ്പള്ളിയിലെ സി.പി.എം – സി.പി.ഐ തർക്കം ചർച്ചയിലൂടെ പരിഹരിച്ചു. നിലവിലെ അഞ്ച് വാർഡുകളിൽ തന്നെ സി.പി.ഐ മത്സരിക്കും. ഇരു പാർട്ടിയും വെവ്വേറെ മത്സരിച്ചാൽ അത് ഇടതുപക്ഷ ഐക്യത്തെ തകർച്ചയിലേക്ക് വഴിതെളിയിക്കുമെന്നും തെരഞ്ഞെടുപ്പിൽ ബി. ജെ. പി ക്കും യു.ഡി.എഫിനും ഗുണം ലഭിക്കുമെന്ന തോന്നലാണ് സി.പി.ഐയുടെ കണ്ണ് തുറപ്പിച്ചതെന്നാണ് നിഗമനം. നേരത്തെ 18 വാർഡുള്ളപ്പോൾ സി.പി.ഐക്ക് അഞ്ച് വാർഡുകളാണ് ലഭിച്ചിരുന്നത്. ഇത്തവണ രണ്ട് വാർഡുകൾ വർധിച്ച് 20 വാർഡുകളിലേക്ക് എത്തിയിട്ടും അഞ്ച് വാർഡുകൾ തന്നെയാണ് സി.പി.ഐക്ക് നീക്കിവെച്ചത്. ഇതോടെയാണ് സി.പി.ഐ ഇടഞ്ഞത്. പലതവണ ചർച്ച നടത്തിയിട്ടും പരിഹാരമാകാതെ വന്നതോടെ സി.പി.എം തനിച്ച് 15 വാർഡുകളിൽ ചൊവ്വാഴ്ച പത്രിക നൽകിയിരുന്നു. ഇതോടെ ഇടഞ്ഞു നിന്നിരുന്ന സി.പി.ഐ കഴിഞ്ഞ ദിവസം ഒരു വാർഡിലും പത്രിക സമർപ്പണത്തിൻ്റെ സമാപ ദിവസമായ വെള്ളിയാഴ്ച നിലവിലെ നാലു വാർഡുകളടക്കം എട്ട് വാർഡുകളിലേക്ക് പത്രിക നൽകി. സി.പി.എം മത്സരിക്കുന്ന എട്ട്, ഒമ്പത്, 20 എന്നീ വാർഡുകളിൽ അടക്കമാണ് പത്രിക നൽകിയത്. ഐക്യം ഉലഞ്ഞ് വഴിവിട്ട അവസ്ഥ വന്നതോടെ ഇരു പാർട്ടി നേതാക്കളും പ്രശ്നപരിഹാരത്തിനായി വെള്ളിയാഴ്ച വൈകീട്ട് സി.പി.എം നാട്ടിക ഏരിയ കമ്മറ്റി ഓഫീസിൽ ചർച്ച നടത്തുകയായിരുന്നു. ചർച്ചയിലാണ് പരിഹാരമായത്. അഞ്ച് വാർഡുകളിൽ തന്നെ മത്സരിക്കാൻ ഒടുവിൽ സി.പി.ഐ തീരുമാനിക്കുകയായിരുന്നു. മറ്റ് ചില നിബന്ധനങ്ങളും സി.പി.ഐ ചർച്ചക്ക് വെച്ചിരുന്നു. പരിഹാരമായതോടെ അധികമായി പത്രിക നൽകിയ എട്ട്, ഒമ്പത്, 20 വാർഡുകളിലെ പത്രിക പിൻവലിക്കാനും സി.പി.ഐ തീരുമാനിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ എൽ.ഡി.എഫ് കൺവെൻഷൻ നടത്താനും തീരുമാനമെടുത്തു. ചർച്ചയിൽ സി.പി.എം ഏരിയ സെക്രട്ടറി എം.എ ഹാരീസ് ബാബു, സി.പി.എം നേതാക്കളായ കെ.എ വിശ്വംഭരൻ, കെ. സി പ്രസാദ്, സുരേഷ് മഠത്തിൽ, സി.പി.ഐ. മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ മനോജ് സി.പി.ഐ നേതാവ് അഷറഫ് വലിയകത്ത് എന്നിവരും പങ്കെടുത്തു
previous post
next post
