വെങ്കിടങ്ങ് : റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുരോഗമിക്കുന്ന ഇടിയഞ്ചിറ റെഗുലേറ്ററിന്റെ പുനരുദ്ധാരണ പ്രവൃത്തികളും വളയം ബണ്ടിന്റെ നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദ്ദേശം. നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ അവലോകന യോഗത്തിലാണ് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനായി താത്കാലിക ബണ്ടിന്റെ നിര്‍മ്മാണ പ്രവൃത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. റെഗുലേറ്ററിന്റെ പ്രവൃത്തികളുടെ ഭാഗമായ ഷട്ടറിന്റെ പുന:സ്ഥാപനം അടുത്ത ആഴ്ച തന്നെ തുടങ്ങാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മറ്റ് പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. റെഗുലേറ്ററിന്റെ ഡൗണ്‍സ്ട്രീമിലെ താത്കാലിക ബണ്ടിന്റെ പ്രവൃത്തി അടുത്ത ആഴ്ചയില്‍ തന്നെ ആരംഭിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
നിലവിലെ പുരോഗതി അനുസരിച്ച് റെഗുലേറ്ററിന്റെ മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തനങ്ങളും ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാനാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുമായി സബ് കളക്ടറെ ചുമതലപ്പെടുത്തി. കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് നിര്‍മ്മാണത്തിന്റെ പുരോഗതി സബ് കളക്ടര്‍ ഉറപ്പാക്കും.
സന്ദര്‍ശനത്തില്‍ ജില്ലാ കളക്ടറോടൊപ്പം സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. സിനി, ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജൂഹി സിംഗ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. അതുന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
