വാടാനപ്പള്ളി : കടലിൽ അകപ്പെടുന്നവരെ ജീവൻ പണയം വെച്ച് രക്ഷിക്കുന്ന വനിതകളടക്കമുള്ള കോസ്റ്റൽ വാർഡൻമാർക്ക് മതിയായ വേതനം കിട്ടാത്തതിലും സർക്കാർ ജോലി സ്ഥിരപ്പെടുത്താത്തതിനാലും ഏറെ പ്രയാസം നേരിടുന്നതായി ആക്ഷേപം. പലരും ജോലി മതിയാക്കി സ്ഥലം വിടുന്നു. പ്രളയ ദുരന്തത്തിൽ മത്സ്യതൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ രക്ഷാ പ്രവർത്തനം സർക്കാറിൻ്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് രക്ഷാപ്രവർത്തനം നടത്താൻ മത്സ്യതൊഴിലാളി മേഖലയിൽ നിന്ന് കായികശേഷിയും, കടലിൽ നീന്തുവാനുള്ള നൈപുണ്യമുള്ള 177 പേരെ 2018-ൽ സർക്കാർ സംസ്ഥാനത്തെ വിവിധ സ്ഥലത്തു നിന്ന് തെരഞ്ഞെടുത്തത്. ഇവർക്ക് തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് നാലു മാസത്തെ പരിശീലനവും പാസിങ്ങ് ഔട്ടും നൽകിയത്. തൃശൂർ ജില്ലയിലെ അഴീക്കോടും ചാവക്കാട് മുനക്കക്കടവ് അടക്കം സംസ്ഥാനത്തെ 18 തീരദേശ പൊലീസ് സ്റ്റേഷനുകളിലാണ് ഇവരെ നിയമിച്ചത്. ഏഴ് വർഷം പിന്നിട്ടു. ഈ കാലയളവിൽ പുഴയിലും കടലിലും കൊഴിഞ്ഞുപോയേക്കാവുന്ന നിരവധി ജീവനുകളാണ് ഈ സേന ജീവൻ പണയം വെച്ച് രക്ഷ പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇൻ്റലിജെൻസ് കളക്ഷൻസ്, ബോട്ട് പട്രോളിംങ്ങ്, ബീച്ച് ഡ്യൂട്ടി, ഹാർബർ ഡ്യൂട്ടി എന്നിവയും ഇവർ ചെയ്തുവരുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പഠനത്തിൽ ഉയർന്ന യോഗ്യതയുള്ളവരാണ്. ഇനിയും ഒരു പി.എസ്.സി എഴുതാൻ പറ്റാത്ത അവസ്ഥയിലാണ് പലരും. നിലവിൽ 230 സ്ഥിര ഒഴിവുകളാണ് ഉള്ളത്. എന്നിട്ടും ഇവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. 2018 ലെ പ്രളയത്തിൽ നിരവധി ജീവനുകളാണ് ഇവർ രക്ഷപെടുത്തിയത്. ഏഴ് വർഷം പിന്നിട്ടിട്ടും ഇവർക്ക് നാമമാത്രമായ 70 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്.
നിലവിലെ ജീവിത സാഹചര്യത്തിൽ ഇപ്പോഴുള്ള ഈ ശബളത്തിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ഈ കാലയളവിനിടയിൽ 34 പേർ ജോലി അവസാനിപ്പിച്ച് പിരിഞ്ഞുപോയി. ഇപ്പോൾ അഞ്ച് വനിതകൾ അടക്കം 143 പേർ മാത്രമാണ് ഈ സേനയിൽ ഉളളത്. ഇവരോടൊപ്പം ട്രെയിനിങ്ങിൽ ഉണ്ടായിരുന്ന ട്രൈബൽ വിഭാഗത്തിൽപെട്ടവരെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിവരങ്ങൾ നൽകുന്ന വിഭാഗമാണ് മത്സ്യ തൊഴിലാളികൾ . ഇന്ത്യയുടെ സ്വന്തം സൈന്യം എന്ന് വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളുടെ മക്കളായ ഇവരെ ഈ സർക്കാർ സ്ഥിരപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഇവർ ജോലിതുടരുന്നത്. മതിയായ ശബളം നൽകി ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.
previous post
