തൃശൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിൻ്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളകളിൽ 10,002 പുതിയ പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.ഇന്നലത്തേത് ഉൾപ്പെടെ ഈ സർക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ സാധിച്ചു.കഴിഞ്ഞ ഒൻപത് വർഷത്തിൽ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി.കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷൻ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിൻ്റെ ചരിത്രത്തിൽ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ൽ കേരളത്തിന് 75-ാം വയസ് പൂർത്തിയാകുമ്പോൾ, ഭൂവിഷയങ്ങളിൽ തർക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.532 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ റീസർവേ പൂർത്തിയായി. റീസർവേ പൂർത്തിയായ പഞ്ചായത്തുകളിൽ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാൻ കഴിയില്ല. റവന്യൂ, രജിസ്ട്രേഷൻ, സർവേ എന്നീ വകുപ്പുകളുടെ പോർട്ടലുകൾ ബന്ധിപ്പിച്ച ‘എൻ്റെ ഭൂമി’ എന്ന ഒറ്റ പോർട്ടൽ വഴി എല്ലാ നടപടികളും പൂർത്തിയാകും. ഇതോടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.ഭൂമിയുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. റീസർവേ പൂർത്തിയായ വില്ലേജുകളിൽ ആർ.ടി.കെ. റോവർ മെഷീനും ഒരു സർവേയറെയും നിയോഗിക്കും. എല്ലാവിധ സേവനങ്ങളും ഡിജിറ്റൽ ആക്കി കൺക്ലൂസീവ് ടൈറ്റിലിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെ നടന്ന പട്ടയമേളയുടെ ഭാഗമായി തൃശൂരിൽ 1,349 പട്ടയങ്ങൾ വിതരണം ചെയ്തു.
കാസർഗോഡ് -273,
കണ്ണൂർ – 960 , വയനാട്-122, കോഴിക്കോട് – 1230, മലപ്പുറം – 1524, പാലക്കാട് – 2303, എറണാകുളം – 355, ഇടുക്കി -500, കോട്ടയം – 343, ആലപ്പുഴ-69,പത്തനംതിട്ട – 28,കൊല്ലം – 98 പട്ടയങ്ങളാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ കോവളം തീര പ്രദേശത്തെ കടൽ പുറമ്പോക്കിൽ താമസിച്ചിരുന്ന 504 പേർക്ക് ഉൾപ്പെടെ 905 പേർക്ക് ഒക്ടോബർ 29 ന് പട്ടയം വിതരണം ചെയ്തിരുന്നു.തൃശൂർ ടൗൺഹാളിൽ നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി. എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, ലാൻഡ് ബോർഡ് സെക്രട്ടറി സബിൻ സമീദ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു.
എരുമേലി തെക്ക് പഞ്ചായത്ത് ഓഫീസിൻ്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
previous post
