വാടാനപ്പള്ളി : ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ തേർ വീട്ടിൽ മനോജ് (46 ) ആണ് അറസ്റ്റിലായത്. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നത് കാരണം ഭാര്യ സിന്ധു കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30-ന് മകളുടെ പുസ്തകങ്ങളെടുക്കുന്നതിനായി മകളോടൊപ്പം മനോജിന്റെ വീട്ടിലെത്തിയ സിന്ധുവിനെ വീടിന്റെ മുൻവശത്ത് നിൽക്കുകയായിരുന്ന മനോജ് കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് മകളുടെ മുന്നിൽ വെച്ച് സിന്ധുവിന്റെ പുറത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിലാണ് മനോജിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. ബി.ഷൈജു, സബ് ഇൻസ്പെക്ടർമാരായ രഘു, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ് കുമാർ, സുരേഖ്, സിവിൽ പോലീസ് ഓഫീസർമാരായ അമൽ, ജിഷ്ണു, റിഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
