വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിന് സർക്കാരിന്റെ ഓണ സമ്മാനമായി മണപ്പാട് റഗുലേറ്റർ നാടിന് സമർപ്പിച്ചു. ഏങ്ങണ്ടിയൂരിലെ മണപ്പാട് റഗുലേറ്റർ ഉദ്ഘാടനവും അണ്ടാരത്തോട്, മീൻകടവ് റഗുലേറ്ററുകളുടെ നിർമ്മാണോദ്ഘാടനവും എൻ.കെ അക്ബർ എംഎൽഎ നിർവഹിച്ചു.
മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഏങ്ങണ്ടിയൂർ പഞ്ചായത്തിന്റെ എക്കാലത്തെയും വേനൽക്കാലങ്ങളിൽ ഉപ്പുവെള്ളം കയറുന്നത്. ഇതിനായി താത്ക്കാലിക ബണ്ടുകൾ നിർമ്മിച്ചാണ് പരിഹാരം കണ്ടെത്തിയിരുന്നത്. ഇതിനായി വലിയ രീതിയിൽ അധ്വാനവും സാമ്പത്തിക ചെലവും വന്നിരുന്നു. വേലിയേറ്റത്തിൽ ബണ്ടുകൾ തകർന്ന് വീണ്ടും ഉപ്പ് വെള്ളം കയറുന്ന അവസ്ഥയും ഇതുമൂലം വിളകൾക്ക് നാശനഷ്ടം ഉണ്ടാകുകയും കുടിവെള്ളത്തിനും കൃഷിക്കും പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. പുതിയ സ്ലൂയിസുകൾ സ്ഥാപിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കർഷകർക്ക് തന്നെ അനായസം പ്രവർത്തിപ്പിക്കാവുന്നതും ഉപ്പുവെള്ളം തട്ടി തുരുമ്പെടുക്കാത്തതുമായ മെക്കാനിക്കൽ റോളിങ് ഉരുക്ക് ഷട്ടർ ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് പുറമെ തുലാവർഷ മഴയിൽ തോടുകളിൽ വെള്ളം കയറിയാൽ നിഷ്പ്രയാസം വെള്ളം പുറത്തേക്ക് കളയാനും ഇതിലൂടെ സാധിക്കും.
എൻ.കെ അക്ബർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചെലവഴിച്ച് മണപ്പാട് സ്ലൂയിസ് നിർമ്മിക്കുകയും 53.8 ലക്ഷം രൂപ ചെലവഴിച്ച് മീൻകടവ് സ്ലൂയിസും 51.9 ലക്ഷം രൂപ ചെലവഴിച്ച് അണ്ടാരത്തോട് സ്ലൂയിസ് എന്നിവ നിർമ്മിക്കുന്നതിനുമായി ആകെ 1,32,70,000 രൂപയാണ് ചെലവഴിക്കുന്നത്.
ചടങ്ങിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ സുദർശനൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി സുരേഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സതീഷ് പനക്കൽ, ഗീതു കണ്ണൻ, വാർഡ് മെമ്പർ ശിവദാസ് കരിപ്പയിൽ, ഇറിഗേഷൻ മെക്കാനിക്കൽ എക്‌സിക്യൂട്ടിവ് എഞ്ചിനിയർ സി.ബി ജീഷ കുമാർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ആർ രജീഷ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ഡി പരമേശ്വരൻ എന്നിവർ സംസാരിച്ചു.
