മനക്കൊടി: വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ മനക്കൊടി – പുളള് മേഖല വീണ്ടും ഉണർന്നു. കൊട്ടവഞ്ചി അടക്കമുള്ള സർവീസുകൾ പുനരാരംഭിച്ചു. വഞ്ചി സർവ്വീസ് നടത്തുന്ന കെ എൽ ഡി സി കനാലിൽ അരകിലോമീറ്റർ ദൂരം അര ലക്ഷത്തിലധികം രൂപ സ്വന്തമായി ചിലവഴിച്ച് കുളവാഴയും മറ്റും നീക്കം ചെയ്ത് വിനോദ സഞ്ചാരികൾക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത് പുള്ളിലെ വഞ്ചിക്കാരൻ ഷാജിയാണ്.
പ്രകൃതി രമണീയമായ മനക്കൊടി – പുള്ള് പാടശേഖരം അരിമ്പൂർ, ചാഴൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നതാണ്. തട്ടുകടയിലെ ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനും ശാന്തമായ അന്തരീക്ഷത്തിൽ സമയം പങ്കിടാനും ആളുകൾ കുടുംബവുമായും ഒഴുകിയെത്തുന്ന പ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. തൃപ്രയാർ നിന്ന് തൃശൂരിലേക്ക് എളുപ്പ വഴി എന്നതിനാൽ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നവരും അനവധി.
വെള്ളം കയറി റോഡ് അടച്ചതിനെ തുടർന്ന് രണ്ടു മാസമായി ഇവിടെ വിനോദ സഞ്ചാരികൾ എത്തിയിരുന്നില്ല. റോഡിലെ വെള്ളം ഇപ്പോഴും പൂർണ്ണമായും ഇറങ്ങിയിട്ടില്ല.
കെ എൽ ഡി സി യുടെ കനാലിൽ കുളവാഴ, കരിവാരി, പായൽ എന്നിവ നീക്കം ചെയ്യുന്ന പ്രവർത്തികൾ പൂർത്തികരിച്ചിട്ടില്ല. റോഡ് തുറക്കുകയും തട്ടുകടകൾ പ്രവർത്തനം തുടങ്ങിയതാടെ സഞ്ചാരികളും ഇവിടേക്ക് എത്തിത്തുടങ്ങി.
നിയമാനുസൃതമായ അംഗീകാരത്തോടുകൂടിയാണ് ഇവിടെ കൊട്ടവഞ്ചികൾ സർവീസ് നടത്തുന്നത്.
6 കൊട്ടവഞ്ചി, 4 പെഡൽ ബോട്ട്, 2 കയാക്കിങ്ങ് എന്നിവ ഇവിടത്തെ ജലവിനോദങ്ങളാണ്. 10 പേർ ഇതുമായി ബന്ധപ്പെട്ട് ഇവിടെ ജോലിയും ചെയ്യുന്നുണ്ട്. ലൈഫ് ജാക്കറ്റുകളും ലൈഫ് ഗാർഡുമാരെയും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. തികച്ചും ടൂറിസം മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ.
സമീപത്തു തന്നെ ഭക്ഷണ വൈവിധ്യങ്ങൾ നൽകുന്ന 7 തട്ടുകടകളും ഉണ്ട്. സായന്തനങ്ങളിൽ ഇളം കാറ്റേറ്റ് ഓളപ്പരപ്പുകളിൽ സഞ്ചരിച്ച് വയറു നിറയെ വ്യത്യസ്ത വിഭവങ്ങൾ ഭക്ഷിച്ച് മടങ്ങുകയാണ് ഓരോ സഞ്ചാരിയും.
