ഇരിങ്ങാലക്കുട : കാട്ടൂരിൽ രണ്ടു യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ 5 പേർ അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിൻ്റു എന്ന പ്രജിൽ (38 ), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30 ) എടക്കാട്ടുപറമ്പിൽ ദിനക്ക് (22) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷും കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും സംഘവും ഗുണ്ടൽപേട്ടു ശിവപുരയിലെ ഫാമിനുള്ളിൽ നിന്ന് പിടികൂടിയത്. അഞ്ചു ദിവസമായി ഇവിടെ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് സംഘം സാഹസികമായി ഇവിടെ എത്തി പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ 13 ന് കാട്ടൂർ പെഞ്ഞനം എസ്.എൻ.ഡി.പി പള്ളിവേട്ട നഗറിൽ രാത്രി പതിനൊന്നരയോടെയാണ് കേസ്സിനാസ്പദമായ സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കൽ സനൂപ്( 26), കാട്ടൂർ വലക്കഴ സ്വദേശി പറയം വളപ്പിൽ യാസിൻ (25) എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സനൂപിനും , യാസിനും സാരമായി പരുക്കേറ്റിരുന്നു.
സിഖേഷ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ വധശ്രമ കേസ്സിലെ പ്രതിയാണ്. പ്രജിലിനും, അരുൺകുമാറിനും, അശ്വന്തിനും ഓരോ കേസുകൾ ഉണ്ട്. വെള്ളിയാഴ്ച സന്ധ്യയോയോടെ കർണ്ണാടകയിലെ ഗുണ്ടൽപേട്ടിനടുത്ത് ശിവപുരയിലെ ഒരു ഫാമിൽ ഒളിച്ചു കഴിയുന്നിടത്തു നിന്നാണ് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജു, സീനിയർ സി.പി.ഒ മാരായ സി.ജി ധനേഷ്, ഇ.എസ്.ജീവൻ, സിപിഒ കെ.എസ്.ഉമേഷ്, മുസ്തഫ ഷൗക്കർ, അജീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
പ്രതികളെ പിടികൂടാൻ വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശങ്ങളിലൂടെ സാഹസിക യാത്ര.
പുലിയടക്കമുള്ള വന്യമൃഗങ്ങൾ ഉള്ള സ്ഥലം. ഇവയുടെ ശല്യത്തിൽ നിന്നു രക്ഷപ്പെടാൻ വൈദ്യുതി വേലിയും, നായ്ക്കളും ഉള്ള പ്രദേശമാണിവിടെ
കനത്ത മഴയയെ അവഗണിച്ച് മുൾചെടികൾ നിറഞ്ഞ കുറ്റിക്കാടുകൾക്കിടയിലൂടെ നടന്ന് ഏറെ കഷ്ടപ്പെട്ടാണ് പോലീസ് സംഘം പ്രതികൾ താമസിക്കുന്ന കെട്ടിടത്തിനുള്ളിൽ എത്തിയത്. ഫാമിലേക്ക് നേരിട്ടെത്തുന്ന വഴിയിലൂടെ വന്നാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യന ഉണ്ടായിരുന്നു. ദൂരേ നിന്നു അപരിചിതരെ കണ്ടാൽ ഓടി ഒളിക്കാൻ കുറ്റിക്കാടുകൾ നിരവധിയുള്ള സ്ഥലമാണ്. അതുകൊണ്ട് ഫാമിൻ്റെ പുറകു വശത്തുള്ള മറ്റൊരു ഫാമിന് ഉള്ളിലൂടെ കടന്നാണ് ഇവിടെ എത്തിയത്. ഒരിക്കലും പോലീസ് ഇവിടേക്ക് അന്വേഷിച്ചെത്തില്ലെന്നാണ് കരുതിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
