അന്തിക്കാട് : മേൽക്കൂര ചോർന്നൊലിച്ച് വീടിനുള്ളിൽ കെട്ടിനിന്ന വെള്ളത്തിൽ ചവിട്ടി വീണ് കാലിന് പരിക്കേറ്റ് വീട്ടിൽ കഴിയുന്ന സി.സി. മുകുന്ദൻ എം എൽഎയെ കാണാൻ സന്ദർശകരുടെ തിരക്ക്.
സിപിഐ ജില്ല സെക്രട്ടറി കെ ജി. ശിവാനന്ദൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പ്രിൻസ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എം. അഹമ്മദ്, വിവിധ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ കെ എസ്. മോഹൻദാസ്, എം.ആർ. ദിനേശൻ,
മിനി വിനയൻ, സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം എ.ഹാരീസ് ബാബു തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. എംഎൽഎയുടെ സുഖവിവരങ്ങൾ തിരക്കി മുഖ്യമന്ത്രിയും ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ബുധനാഴ്ച രാത്രി അന്തിക്കാട്ടെ വീട്ടിൽ വെച്ചാണ് വീടിൻ്റെ ഹാളിൽ കാൽ വഴുതി വീണ് എം എൽഎക്ക് പരുക്കേറ്റത്. തുടർന്ന് വിശ്രമത്തിലാണ്. രണ്ടാഴ്ചത്തെ എംഎൽഎയുടെ പരിപാടികളെല്ലാം റദ്ദാക്കിയതായി എംഎൽഎ ഓഫീസ് അറിയിച്ചു.
അന്തിക്കാട് ഗവ.ആശുപത്രി റോഡിനു സമീപമുള്ള അഞ്ചര സെന്റിലാണ് നാട്ടിക എംഎൽഎ യുടെ വീട്. ചോർന്നൊലിക്കുന്ന വിട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. 2015 ൽ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി കാരമുക്ക് സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തിയുടെ വക്കിൽ എത്തിയത്. 18 ലക്ഷം രൂപയുടെ.ബാധ്യതയാണുള്ളത്.
എംഎൽഎ ആയപ്പോൾ വാങ്ങിയ കാറിന്റെ തിരിച്ചടവ് പൂർത്തിയായാലേ എംഎൽഎക്ക് ലഭിക്കുന്ന ഓണറേറിയം പൂർണ്ണമായി കിട്ടുകയുള്ളു. ഇതാണ് ലോൺ അടവ് പ്രതിസന്ധിയിലാക്കിയത്.
