ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചേറ്റുവ പുളിക്കകടവ് തീരദേശ റോഡിലുള്ള ചേറ്റുവ പടന്ന പാലം തകർച്ച ഭീഷണിയിലായതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലത്തിൻ്റെ അപകടാവസ്ഥ കഴിഞ്ഞദിവസം ന്യൂസ് വൺ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പാലം ബലപ്പെടുത്തുവാൻ അധികൃതർ തയാറായത്. മൂന്ന് ദിവസം കൊണ്ട് പണി പൂർത്തിയാക്കി പാലം സഞ്ചാര യോഗ്യമാക്കുമെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ദേശീയപാത നിർമ്മാണം ഏറ്റടുത്തിട്ടുള്ള ശിവാലയ കമ്പനിയാണ് പാലം ബലപ്പെടുത്തുന്ന ജോലികൾ നടത്തുന്നത്. പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പി.ഡി. പരമേശ്വരൻ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷ് പനക്കൽ, പഞ്ചായത്ത്
അംഗം അനിത മുരുകേശൻ, സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
