News One Thrissur
Updates

കുടിവെള്ളമില്ല: വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി വീട്ടമ്മമാർ

വാടാനപ്പള്ളി: കുടിവെള്ളം കിട്ടാതെ വലഞ്ഞ വീട്ടമ്മമാർ പരിഹാരം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കണ്ടശ്ശാംകടവ് പാലത്തിന് തെക്ക് പടിഞ്ഞാറെ കരയിൽ താമസിക്കുന്നവരാണ് കുടിവെള്ളം കിട്ടാതെ സമരവുമായി രംഗത്തിറങ്ങിയത്. വാടാനപ്പള്ളി പഞ്ചായത്തിലെ 12-ാം വാർഡിൽ ഉൾപ്പെട്ട കനോലി കനാലിൻ്റെ തീരദേശമായ ഇവിടെ മൂന്നു വർഷമായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. 40 ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. പുഴയോര പ്രദേശമായ ഇവിടത്തെ കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിയുടെ ടാപ്പുകളെയാണ് ആശ്രയിച്ചു പോരുന്നത്. കുടുംബങ്ങൾ ഏറെയും പേർ കുടിവെള്ള കണക്ഷനും എടുത്തിരുന്നു. എന്നാൽ പണം അടച്ചിട്ടും ടാപ്പുകളിൽ വെള്ളം വരാത്തതാണ് കുടുംബങ്ങളെ വലച്ചത്. കുടിവെള്ളം വല്ലപ്പോഴുമാണ് ടാപ്പുകളിൽ എത്തുന്നത് . ടാപ്പ് തുറന്നാൽ വെള്ളത്തിന് പകരം പൊട്ടലും ചീറ്റലോടെ വായുവാണ് വരുന്നത്. വീട്ടുകാർ ടാങ്കുകളിൽ ശേഖരിച്ച വെള്ളമെല്ലാം കഴിഞ്ഞതോടെ ഏറെ പ്രയാസത്തിലാണ്. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും വസ്ത്രം കഴുകാനും കഴിയുന്നില്ല. ഇതോടെ പ്രദേശവാസികൾ പണം മുടക്കി ടാങ്ക് വെള്ളം വാഹനത്തിൽ കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ഒരു ടാങ്ക് വെള്ളത്തിന് 700 രൂപയാണ് വില. ഇവടത്തുകാരാണെങ്കിൽ ഏറെയും പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ്. ഇവർക്ക് കുടുംബ ജീവിതം നോക്കുന്നതോടൊപ്പം ടാങ്ക് വെള്ളത്തിനും പണം മുടക്കേണ്ട അവസ്ഥയാണ്. ഇതോടെ സഹികെട്ടാണ് വീട്ടമ്മമാർ സംഘടിച്ചെത്തി തളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തിയത്. വെള്ളം കിട്ടാതെ മൂന്നു വർഷമായി വലയുകയാണെന്ന് വീട്ടമ്മമാർ പറഞ്ഞു. തങ്ങൾ കടകളിൽ ജോലിക്കു പോയും കൂലി പണി ചെയ്തുമാണ് കുടുംബം പോറ്റുന്നതെന്നും ഇതിനിടയിൽ ടാങ്ക് വെള്ളം വാങ്ങാനും പണം മുടക്കേണ്ട അവസ്ഥയാണെന്നും സഹികെട്ട് ജോലിക്ക് അവധി കൊടുത്താണ് സമരവുമായി മുന്നോട്ടു വന്നതെന്നും വീട്ടമ്മമാർ പറഞ്ഞു. നേരത്തെ സമരം ചെയ്തപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാസക്കാലം കുടിവെള്ളം മുടങ്ങാതെ വന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വെള്ളമില്ലാത്ത അവസ്ഥ വന്നെന്ന് വീട്ടമ്മമാർ പറഞ്ഞു. ജില്ല കലക്ടർ, എം. എൽ. എ , വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർക്ക് പല തവണ പരാതി നൽകിയിട്ടും കുടിവെള്ളം ലഭിക്കാനുള്ള ഒരു നടപടിയും ഇല്ലാതെ വന്നതോടെയാണ് സമരം ചെയ്യുന്നതെന്ന് വീട്ടമ്മമാർ പറഞ്ഞു. പരിഹാരമാകുന്നതുവരെ കുത്തിയിരിപ്പ് സമരവുമായി മുന്നോട്ടു പോകുമെന്ന് വീട്ടമ്മമാർ പറഞ്ഞു. വിവരമറിഞ്ഞ് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഐ.എൻ. സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ റെജീന രാജു, വി. മുരളിധരൻ എന്നിവരും സ്ഥലത്ത് എത്തി. ഇവർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വാൽവ് പ്രശ്നം പരിഹരിക്കാൻ ജീവനക്കാരെ പറഞ്ഞു വിടുകയും നാല് ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാക്കുവെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വീട്ടമ്മമാർ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കുകയായിരുന്നു അതേ സമയം ഉദ്യോഗസ്ഥരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ടു പോകുമെന്ന് വീട്ടമ്മമാർ പറഞ്ഞു. സജിനി ഷാജി അരുന്ധതി, മിനി ആരിഫ, വിജയ , ഷൈനി, നസീറ , കനക , സുഹറ, ബഷീർ കബീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Related posts

നാട്ടികയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Sudheer K

ഗോപി അന്തരിച്ചു.

Sudheer K

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!