News One Thrissur
Updates

തട്ടിപ്പിന്നിരയായ ലോട്ടറി വിൽപ്പനക്കാരന് കൈത്താങ്ങായി വിദ്യാർത്ഥികൾ; 20,000 രൂപയുടെ ടിക്കറ്റുകൾ വാങ്ങി നൽകി

കാഞ്ഞാണി : നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ തകർന്നുപോയ ലോട്ടറി വിൽപ്പനക്കാരന് നന്മയുടെ കൈത്താങ്ങുമായി നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്. മണലൂർ സ്വദേശി കണ്ണനാണ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 20,000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ വാങ്ങി നൽകി പുതിയൊരു തുടക്കത്തിന് വഴിയൊരുക്കിയത്.
28 വർഷത്തോളം ബസ് ഡ്രൈവറായിരുന്ന കണ്ണന്റെ ജീവിതം ആറുമാസം മുൻപ് കാഴ്ച നഷ്ടപ്പെട്ടതോടെയാണ് പ്രതിസന്ധിയിലായത്. പിന്നീട് കാഴ്ച തിരികെ ലഭിച്ചെങ്കിലും വൃക്കരോഗം പിടിപെട്ടതോടെ ഉപജീവനത്തിനായി ലോട്ടറി വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം നമ്പർ തിരുത്തിയ ടിക്കറ്റുമായെത്തിയ യുവാവ് ആയിരം രൂപ സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ച് കണ്ണന്റെ കൈവശമുണ്ടായിരുന്ന മരുന്ന് വാങ്ങാനുള്ള പണം തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. ഏജൻസിയിൽ ടിക്കറ്റ് മാറാൻ ചെന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം കണ്ണൻ അറിയുന്നത്.
കണ്ണന്റെ നിസ്സഹായാവസ്ഥ അറിഞ്ഞതോടെ സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് സഹായവുമായി മുന്നോട്ടുവരികയായിരുന്നു. നിർദ്ധനർക്ക് വീടുകൾ നിർമ്മിച്ചു നൽകിയും ജപ്തി ഭീഷണി നേരിട്ട കുടുംബങ്ങളെ സഹായിച്ചും മുൻപും ഈ യൂണിറ്റ് മാതൃകയായിട്ടുണ്ട്. ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം കോഓർഡിനേറ്റർ ശലഭ ജ്യോതിഷ്, പി.ടി.എ. പ്രസിഡന്റ് പി.എസ്.പി. നസീർ, അധ്യാപകരായ ബബിൽനാഥ്, എസ്. ബിന്ദു എന്നിവർ സംസാരിച്ചു.

Related posts

Sudheer K

കേരളത്തിന് അരി നിഷേധിക്കുന്ന കേന്ദ്ര നടപടി: കെ എസ് ടി യു പ്രതിഷേധ സംഗമം നടത്തി.

Sudheer K

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ ജീവിതത്തിലേക്ക്

Sudheer K

Leave a Comment

error: Content is protected !!