ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ചരിത്രം കുറിച്ച് റിക്കാർഡ് വിവാഹം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച പുലർച്ചെ 4.10 മുതൽ ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിനു മുൻപുള്ള 12.45 വരെയുള്ള ഏഴു മണിക്കൂറിനുള്ളിൽ 416 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടന്നത്. 2024 സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ആകെ 442 വിവാഹങ്ങളാണ് ഇന്നേക്ക് ശീട്ടാക്കിയിരുന്നത്. രാവിലെ നാലെ പത്തോടെ ( 4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ എ.വി.പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് എന്നിവർ ഉൾപ്പെടെ ജീവനക്കാരും പങ്കെടുത്തു
