വാടാനപ്പള്ളി: ഏതു മതത്തിൽ വിശ്വസിക്കുന്നവനാണെങ്കിലും അവർക്കിടയിൽ എന്നും സൗഹൃദങ്ങൾ മാത്രമാണുള്ളതെന്ന് തെളിയിക്കുകയാണ് തൃത്തല്ലൂരിലെ ക്ഷേത്ര കമ്മിറ്റിയും മദ്രസ മാനേജ്മെൻറ് ഭാരവാഹികളും.
500ലധികം പേജുകളുള്ള അദ്ധ്യാത്മ രാമായണം ഡിജിറ്റൽ രൂപത്തിൽ അറുപതോളം പേജുകളാക്കി തൃത്തല്ലൂർ ശിവക്ഷേത്ര കമ്മറ്റിക്ക് കൈമാറിയത് വാടാനപ്പള്ളി റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷനാണ്.
തൃത്തല്ലൂർ ശിവക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ വാടാനപ്പള്ളി റെയിഞ്ച് ട്രഷറർ എ.എ മുഹമ്മദ് അധ്യക്ഷനായി.
മദ്രസ മാനേജ്മെൻറ് അസോസിയേഷൻ വാടാനപ്പള്ളി റെയ്ഞ്ച് പ്രസിഡണ്ട് എ ടി റഫീഖ് ഡിജിറ്റൽ രാമായണം തൃത്തല്ലൂർ ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ ഗിരീഷ് മാത്തുകാട്ടിലിന്ന് കൈമാറി.
വാടാനപ്പള്ളി റെയ്ഞ്ച് ചെയർമാൻ ജാഫർ മാസ്റ്റർ, മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി സുധീർ വി എം ,തൃത്തല്ലൂർ ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗം പ്രവീൺ ചെറുകര, മാതൃസമിതി പ്രസിഡണ്ട് രാഖി പ്രകാശൻ അംഗങ്ങളായ രജനി സജീവ്, ക്ഷേത്രം ജീവനക്കാരായ സുജേഷ് വഴിനടയ്ക്കൽ മധു പണിക്കർ, ആഘോഷകമ്മിറ്റി ഭാരവാഹികളായ ചന്ദ്രൻ എരണെഴുത്ത് ജയൻ നായരിശ്ശേരി എന്നിവർ സംസാരിച്ചു.
കാപ്ഷൻ: തൃത്തല്ലൂർ ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ ഗിരീഷ് മാത്തുകാട്ടിലിന് വാടാനപ്പള്ളി റെയിഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് എ ടി റഫീഖ് ഡിജിറ്റൽ അദ്ധ്യാത്മരാമായണം കൈമാറുന്നു.
