എളവള്ളി: പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവച്ചു. സെക്രട്ടറി തോമസ് ഏലിയാസിന് ഓഫിസിലെത്തി രാജിക്കത്ത് സമർപ്പിച്ചു. സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് രാജി വെച്ചത്. സിപിഎം പാർട്ടി കടുത്ത അവഗണനയാണ് തനിക്കെതിരെ നടത്തിയതെന്ന് ജിയോ ഫോക്സ് പറഞ്ഞു. കോൺഗ്രസ് നിലപാട് ഉള്ളിൽ സൂക്ഷിച്ചത് കൊണ്ടാണ് എളവള്ളിയിൽ വികസനം കൊണ്ടുവരാൻ സാധിച്ചത്. പാർട്ടി ഏതെന്ന് നോക്കാതെ തന്റെ അടുത്ത് വരുന്ന എല്ലാവർക്കും ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞത് തന്റെ നേട്ടമായി കാണുന്നു.
ഒറ്റക്കെട്ടായി നിന്നാൽ എളവള്ളിയിൽ ത്രിവർണ പതാക പാറിക്കാൻ കഴിയുമെന്നും ജിയോ ഫോക്സ് പറഞ്ഞു.
രാജിക്ക് ശേഷം പഞ്ചായത്തിൽനിന്ന് ഇറങ്ങിയ ജിയോ ഫോക്സിനെ കോൺഗ്രസിന്റെ നേതാക്കൾ എത്തി സ്വീകരിച്ചു. എഐ.സി.സി അംഗം അനിൽ അക്കര, കെപിസിസി സെക്രട്ടറി സി. സി ശ്രീകുമാർ, പി കെ രാജൻ, സി ജെ സ്റ്റാൻലി, മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക, എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ചേർന്ന മനോജ് വാഴപ്പിലത്ത് ജിയോ ഫോക്സിന് ഒപ്പം കോൺഗ്രസിൽ ചേർന്നു.
