അന്തിക്കാട്: കെഎസ്ഇബി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചതോടെ അന്തിക്കാട്ടെ നിർധന കുടുംബത്തിലേക്ക് വൈദ്യുതി കണക്ഷൻ എത്തിയത് അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കകം. അന്തിക്കാട് നാലാം വാർഡ് സ്വദേശി താണിയത്ത് ജനാർദ്ദനൻ്റെ വീട്ടിലേക്കാണ് ഒറ്റ ദിവസം കൊണ്ട് വൈദ്യുതി എത്തിച്ച് പെരിങ്ങോട്ടുകര കെഎസ്ഇബി ഓഫീസ് ജീവനക്കാർ മാതൃകയായത്. സബ് എൻജീനീയർ എൻ.എം. ശ്യാമിൻ്റെയും സഹപ്രവർത്തകരുടെയും കയ്യും മെയ്യും മറന്നുള്ള പ്രവർത്തനവും ഒപ്പം അന്തിക്കാട് വില്ലേജിൻ്റെയും അന്തിക്കാട് അക്ഷയ കേന്ദ്രത്തിൻ്റെയും സപ്പോർട്ടും ഈ കുടുംബത്തിൻ്റെ വൈദ്യുതിയില്ലാത്ത ദുരിത ജീവിതം അവസാനിപ്പിക്കാൻ കാരണമായി. തലയിൽ ബ്ലഡ് കോട്ടായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടുടമ ജനാർദ്ദനന്റെ മകനെ ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയത് വീട്ടിലെത്തിച്ചിരുന്നു. വൈദ്യുതിയില്ലാത്ത വീട്ടിൽ മകനുമായി എങ്ങിനെ കഴിയുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന പിതാവിൻ്റെ അവസ്ഥ സബ് എൻജിനീയറായ ശ്യാം തൻ്റെ ഓഫിസിലെ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും പങ്കു വെച്ചു. ജീവനക്കാർ സഹായവുമായി എത്തിയെങ്കിലും റേഷൻ കാർഡ് വില്ലനായി. സൗജന്യമായി വൈദ്യുതി ലഭിക്കാനായി നൽകേണ്ട രേഖയായ റേഷൻ കാർഡിൽ വീട് വൈദ്യുതീകരിച്ചതായി രേഖപ്പെടുത്തിയിരുന്നതാണ് തടസ്സമായത്. ഇത് മറികടക്കണമെങ്കിൽ 50000ൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് മറ്റൊരു വഴി. പിന്നെ ഒന്നും ആലോചിച്ചില്ല. സബ് എൻജിനീയർ അപേക്ഷകനുമായി അക്ഷയയിലെത്തി. ഇവിടെ നൽകേണ്ട രേഖകൾ കെഎസ് ഇബി ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ തന്നെ പൂരിപ്പിച്ച് നൽകി. സർട്ടിഫിക്കറ്റ് അപ്രൂവൽ ചെയ്യാൻ അപേക്ഷകനുമായി നേരെ വില്ലേജിലേക്ക്. എന്നാൽ വില്ലേജ് ഓഫീസർ കോൺഫറൻസിലായതിനാൽ കാണാനയില്ല. പിന്നീട് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ടു വിഷയം അവതരിപ്പിച്ചു. ഓഫിസർ ജനേഷ്. ജെ വേണ്ട പിന്തുണ വാഗ്ദാനം ചെയ്തു. മീറ്റിംഗ് കഴിഞ്ഞ് 5.45 യോടെ സർട്ടിഫിക്കറ്റ് റെഡി. പിന്നീട് അക്ഷയയിൽ നിന്നും സർട്ടിഫിക്കറ്റ് കെഎസ്ഇബി ഓഫീസിൽ എത്തുമ്പോൾ സമയം ആറ് പിന്നിട്ടിരുന്നു. രാത്രി 7 മണിയോടെ കെഎസ്ഇബിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഡ്യൂട്ടി സമയം കഴിഞ്ഞും കാത്തിരുന്ന ലൈൻമാരോടൊപ്പം അന്തിക്കാട്ടെ ജനാർദ്ദനൻ്റെ വീട്ടിലേക്ക്. രാത്രി 7.15 ന് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ വീട്ടുകാരും അമ്പരന്നു. രാത്രി 8 മണിയോടെ വീട്ടിൽ വൈദ്യുതി എത്തിയതോടെ കുടുംബത്തിൻ്റെ സങ്കടം ആഹ്ലാദത്തിലേക്ക് വഴി മാറി. മാസങ്ങൾ എടുക്കുന്ന നടപടി ക്രമങ്ങൾ മണിക്കൂറുകൾക്കകം നൽകിയ മാതൃകയായ ഉദ്യോഗസ്ഥരെ അയൽവാസികളുൾപ്പടെ എത്തി അഭിനന്ദിച്ചു.
വൈദ്യുതി ജീവനക്കാരായ കെ.വി. രാജീവൻ, പി.ബി. പ്രകാശൻ, കെ.വി. സുരേഷ്. എന്നിവർ നേതൃത്വം നൽകി.
