തൃപ്രയാർ: സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ജനാധിപത്യവും അതിജീവനവും മാത്രമല്ല ജീവിതം തന്നെ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടു പോകുന്നുവെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.ഡോ. കെ ആർ ബീനയുടെ ബുദ്ധദർശനത്തിന്റെ സ്വാധീനം ഒരു അന്വേഷണം, വള്ളത്തോൾ മുതൽ വൈലോപ്പിള്ളി വരെ എന്ന പുസ്തകം തൃപ്രയാർ പ്രിയദർശിനി ഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഭക്ഷണവും വസ്ത്രവും മാത്രമല്ല, നമ്മൾ എന്തു ചിന്തിക്കണം എന്നു പോലും കേന്ദ്ര ഗവൺമെൻറ് തീരുമാനിക്കുന്ന ഗുരുതരമായ സ്ഥിതിയിലേക്ക് രാജ്യം എത്തിയിരിക്കുന്നു. ബുദ്ധ ദർശനത്തിൻ്റെ മുഖ്യ മുഖമായ കാരുണ്യം ക്രൂരതയ്ക്കും ഹിംസക്കും വഴിമാറുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഭയപ്പെടുത്തുന്ന ഒരു സമീപകാല യാഥാർത്ഥ്യമാണ്. സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ചവരിൽ പലരും മതന്യൂനപക്ഷത്തിൽ പെടുന്നവരാണ്. ത്യാഗം സഹിച്ചുപോരാടിയ ആ ഭടന്മാരെ വിസ്മൃതിയുടെ കരിമ്പടം പുതപ്പിക്കുകയാണ് മോദി സർക്കാർ. ചരിത്രമുറങ്ങുന്ന പാർലമെന്റിന്റെ ചുമരിൽ ഗാന്ധിയുടെ നേരിൽ, ഗാന്ധി ഘാതകൻ സവർക്കറുടെ ചിത്രമാണു ഇന്നുള്ളത്. ഇതിൽപരം ദയനീയമായ ഒരു കാഴ്ച കാണാനില്ല. ജോൺ ബ്രിട്ടാസ് തുടർന്ന് പറഞ്ഞു.
സംസ്കൃത സർവ്വകലാശാല ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡയറക്ടർ അജയ് എസ് ശേഖർ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.ആർ. ബീന മറുപടി പ്രസംഗം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഡോ. എൻ ആർ ഗ്രാമ പ്രകാശ് പുസ്തക പരിചയം നടത്തി.എൻ. കെ. അക്ബർ എം എൽ എ . എം. എ ഹാരിസ്ബാബു, അഡ്വ കെ.ആർ വിജയ ,എം. ആർ. ദിനേശൻ. അഡ്വ. അജിത് മാരാത്ത്, വി.എൻ. രണദേവ്, ടി.പി. ബെന്നി. എന്നിവർ സംസാരിച്ചു.
