കയ്പമംഗലം: ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിൽ കയ്പമംഗലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ബീച്ച് കാരയിൽ വീട്ടിൽ സുമൻ (47) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ എന്നിവ സൂക്ഷിച്ച നിലയിൽ കണ്ടെടുത്തു. കേരള മണി ലെന്റേഴ്സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. ബൈജു, സബ് ഇൻസ്പെക്ടർ ടി. അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിയ, പ്രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
