പെരിങ്ങോട്ടുകര : താന്ന്യം പഞ്ചായത്തിലെ പെരിങ്ങോട്ടുകര മുതൽ പുത്തൻപീടിക വരെയുള്ള തകർന്ന് കിടക്കുന്ന റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായി. തിങ്കാളാഴ്ചയും റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിരുന്നു. റോഡിൽ വലിയ ഗർത്തങ്ങൾ പോലുള്ള കുഴി രൂപപ്പെട്ടിട്ടും കണ്ണ് തുറക്കാത്ത അധികാരികളുടെ നടപടിക്കെതിരെ ജനകീയ സമരവുമായി അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ രംഗത്തെത്തി .സ്വന്തം വസ്ത്രത്തിൽ പ്രതിഷേധ വാചകൾ അടങ്ങിയ പോസ്റ്റർ പതിച്ചാണ് സമരത്തിനെത്തിയത്. സ്കൂൾ വിദ്യാർത്ഥികളും , പ്രദേശത്തെ ആരാധനാലയങ്ങളിലേക്ക് വരുന്നവരും ഉൾപ്പടെ നൂറുകണക്കിന് യാത്രക്കാരാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. പൈപ്പിടാൻ എടുത്ത കുഴികളാണ് റോഡിൻ്റെ തകർച്ചയ്ക്ക് വഴിവെച്ചത്. പൊതുമരാമത്തിനു കീഴിലുള്ള റോഡിൻ്റെ ശോചനീയാവസ്ഥ മനസ്സിലാക്കാൻ കളക്ടർ സ്ഥലം സന്ദർശിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ആന്റോ തൊറയൻ പറഞ്ഞു. പൊതുപ്രവർത്തകരായ ബൈജു ബാലൻ, എം.കെ. ചന്ദ്രൻ, ലൂയീസ് താണിക്കൽ, അയ്യപ്പദാസ്, സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ്, സൗഹൃദ ഫൗണ്ടേഷൻ വൈ.ചെയർമാൻ പോൾ ചിറ്റിലപ്പിള്ളി, പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, വിൻസെന്റ് കുണ്ടുകുളങ്ങര, സജീവൻ ഞാറ്റുവെട്ടി എന്നിവർ നേതൃത്വം നൽകി.
next post
