കാഞ്ഞാണി : ആരോഗ്യ രംഗത്ത് കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് മണലൂര് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി എന്.കേന്ദ്രത്തിന്ക്യു.എ.എസ്. അംഗീകാരം ലഭിച്ചതെന്നും ദേശീയ തലത്തിൽ അംഗീകാരം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് , വൈസ് പ്രസിഡന്റ് ബീന സേവിയാർ, ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ബി. പ്രിയേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്തിക്കാട് ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ മണലൂരിനാണ് നേട്ടം കൈവരിക്കാൻ സാധിച്ചത്. മൂന്ന് ഡോക്ടർമാരുടെ സേവനം ഉള്ള ആശുപത്രിയിൽ ദിവസവും 260 ഓളം പാവപ്പെട്ട രോഗികളാണ് പരിശോധനക്കെത്തുന്നത്. മരുന്നുകൾ എല്ലാം സൗജന്യമാണ്. ലാബിലെ പരിശോധന ഗുണനിലവാരമുള്ളതാണ്.പാലിയേറ്റീവ് കെയർ പ്രവർത്തനവും മികച്ചതാണ്. 346 രോഗികളിൽ 140 പേർ കിടപ്പ് രോഗികളാണ്. ഡോക്ടർമാരുടേയും നേഴ്സുമാരുടേയും നേതൃത്വത്തിൽ വാഹനത്തിൽ വീട്ടിൽ എത്തിയാണ് പരിചരണം നടത്തിവരുന്നത്. ഓരോ വർഷവും 12 ലക്ഷം രൂപയാണ് ചികിത്സ രംഗത്ത് പഞ്ചായത്ത് വിനിയോഗിക്കുന്നത്. മുരളി പെരുനെല്ലിയുടെ എം.എൽ.എ ഫണ്ട് 25 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിട നിർമാണം നടക്കുകയാണ്. പഞ്ചായത്തിൻ്റെ ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ഉപ കേന്ദ്രങ്ങളേയും ശക്തിപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം രാവിലെ 9.30 മുതൽ വൈകീട്ട് ആറു വരെ നടക്കുന്നതിനാൽ രോഗികൾ ഏറെയാണ് എത്തുന്നത്. അവാർഡായി ലഭിക്കുന്ന രണ്ട് ലക്ഷം രൂപയും ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും ഇവർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ പുഷ്പ വിശ്വംഭരൻ , പഞ്ചായത്തംഗം ബിന്ദു സതീഷ് എന്നിവരും പങ്കെടുത്തു.
next post
