പെരിഞ്ഞനം: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10, 11, 12, 13 തീയ്യതികളിൽ പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിൽ നടക്കും. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 5,521 വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി വിവിധ കലാമത്സരങ്ങൾ അരങ്ങേറും.
നവംബർ 11 ബുധനാഴ്ച രാവിലെ 9.30ന് കെ.കെ.വത്സരാജ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം.എൽ.എ. എൻ.കെ.അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാജു, വലപ്പാട് എ.ഇ.ഒ കെ.വി.അമ്പിളി, വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ രംഗങ്ങളിലെ ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
നവംബർ 13 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി.രവീന്ദ്രനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഗീത ഗോപി എം.എൽ.എ മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്തംഗം പി.എ.സജിത സമ്മാനദാനം നിർവ്വഹിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് ബാബു,
ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കും.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണ്. അധ്യാപകർ, ജനപ്രതിനിധികൾ, പി.ടി.എ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. കയ്പമംഗലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.കെ.രാജു, ജനറൽ കൺവീനർ ബി. ബീബ, വലപ്പാട് എ.ഇ.ഒ കെ.വി. അമ്പിളി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.പി.ജിന്റോ, വികസന സമിതി കൺവീനർ എം.ഡി. ദിനകരൻ, പബ്ലിസിറ്റി കൺവീനർ രമേഷ് ബാബു, സ്കൂൾ മാനേജർ ഫാത്തിമ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
