അരിമ്പൂർ: വഴിയിൽ കിടന്നു കിട്ടിയ പതിനെട്ടായിരം രൂപ ഉടമയ്ക്ക് തിരികെ നൽകി വയോധികയും പ്രദേശവാസിയുമായ ശാന്ത മാതൃകയായി. അരിമ്പൂർ ഉഷാ മാച്ചിന് സമീപത്തു നിന്നാണ് ശാന്തയ്ക്ക് പണം ലഭിക്കുന്നത്. തുക കിട്ടിയ ഉടൻ തന്നെ ഇവർ വിവരം ജനപ്രതിനിധികളെ അറിയിക്കുകയായിരുന്നു. തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് പണം നഷ്ടപ്പെട്ടതായി വ്യക്തമാക്കി വിവിധ സമൂഹമാധ്യമങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
മനക്കൊടി സ്വദേശി ചക്കാലപ്പറമ്പിൽ ചന്ദ്രൻ്റേതായിരുന്നു നഷ്ടപ്പെട്ട പണം. അരിമ്പൂർ ചെത്തു തൊഴിലാളി സഹകരണ സംഘത്തിൽ സ്വർണ്ണം പണയം വെച്ച് ലഭിച്ച 68,000 രൂപയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയിൽ വെച്ച് 18,000 രൂപ നഷ്ടപ്പെട്ടത്. തുക കുറഞ്ഞതറിഞ്ഞ് ബാക്കി ആവശ്യങ്ങൾക്കായി വീണ്ടും സംഘത്തിലെത്തി സ്വർണ്ണം പണയം വെച്ച് ഇദ്ദേഹം കാര്യം നടത്തുകയായിരുന്നു.
ഇവിടെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും പണം സംഘത്തിനുള്ളിൽ വെച്ചല്ല നഷ്ടപ്പെട്ടതെന്ന് വ്യക്തമായി. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച സന്ദേശമാണ് പണം തിരികെ ലഭിക്കാൻ ചന്ദ്രന് സഹായകരമായത്. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പണം ശാന്ത ഉടമസ്ഥന് കൈമാറി.
