News One Thrissur
Updates

തീരദേശത്തെ കുടിവെള്ള ക്ഷാമത്തിനും കടലേറ്റ ദുരിതത്തിനും പരിഹാരം വേണം: യൂത്ത് ലീഗ്

തൃപ്രയാർ: തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം വേണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വാടാനപ്പള്ളി ഉൾപ്പെടെ മതിലകം മുതൽ എങ്ങണ്ടിയൂർ വരെയുള്ള ഒമ്പത് തീരദേശ പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഈ പഞ്ചായത്തുകളിലെ കുടിവെള്ള വിഷയത്തിൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കി ടാങ്കർ ലോറികൾ മുഖേന അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നും ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതി നൽകിയതായി സനൗഫൽ പറഞ്ഞു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 1, 17, 18 എന്നീ തീരദേശ വാർഡുകളിൽ കടലേറ്റം മൂലം കുടിവെള്ള സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറി നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. 2, 7, 9, 11, 12, 16, 20 വാർഡുകളിൽ വാട്ടർ അതോറിറ്റിയുടെ വിതരണ – പമ്പിംഗ് സംവിധാനങ്ങളിലെ അപര്യാപ്തതയും പൈപ്പ് ലൈനുകൾക്ക് സംഭവിച്ച കേടുപാടുകളും കാരണം ഗുരുതരമായ കുടിവെള്ള പ്രതിസന്ധിയാണ് നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി ടാങ്കർ ലോറികൾ മുഖേന കുടിവെള്ളം വിതരണം ചെയ്യുന്നതിനും നിലവിലെ ജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാ ഭരണകൂടം ഇടപെടണമെന്ന് സനൗഫൽ ആവശ്യപ്പെട്ടു.

വാടാനപ്പള്ളിയിലെ 1, 12 വാർഡുകളിൽ കടലേറ്റം മൂലം കുടിവെള്ള പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും ഈ വാർഡുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് മണലൂർ എം.എൽ.എ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാനുള്ള അധികാരം ജില്ലാ കളക്ടർക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കുമാണ് ഉള്ളത്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനേക്കാൾ ഉത്തരവാദിത്വം മറ്റൊരിടത്തേക്ക് മാറ്റാനുള്ള സമീപനമാണ് എം.എൽ.എ സ്വീകരിച്ചതെന്ന് സനൗഫൽ ആരോപിച്ചു.

കടലേറ്റ ഭീഷണി നേരിടാത്ത 12-ാം വാർഡിനെ കടലേറ്റ ബാധിത വാർഡായി ചിത്രീകരിച്ച എം.എൽ.എ, കടലേറ്റം മൂലം ഗുരുതര ദുരിതം അനുഭവിക്കുന്ന 17, 18 വാർഡുകളെ പൂർണമായും അവഗണിക്കുകയാണെന്നും സനൗഫൽ ആരോപിച്ചു. കടലാക്രമണം ബാധിച്ച എല്ലാ വാർഡുകൾക്കും തുല്യ പരിഗണനയും ആവശ്യമായ സഹായങ്ങളും ലഭ്യമാക്കണം. രാഷ്ട്രീയപരമായ പരിഗണനകൾക്കപ്പുറം യഥാർത്ഥ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

കടലേറ്റം രൂക്ഷമായതിനെ തുടർന്ന് തീരസംരക്ഷണ പ്രവർത്തനങ്ങൾക്കായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ മുൻപ് അനുവദിച്ച നാല് ലക്ഷം രൂപയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഇതുവരെ പഞ്ചായത്ത് സമർപ്പിച്ചിട്ടില്ലാത്തതിനാൽ പുതുതായി അനുവദിച്ച തുക പോലും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ലഭ്യമായ ഫണ്ട് പോലും പ്രയോജനപ്പെടുത്താൻ കഴിയാത്തത് പഞ്ചായത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാടാനപ്പള്ളിയിൽ കടലേറ്റം, തീരശോഷണം, കുടിവെള്ള ക്ഷാമം എന്നിവ വർഷങ്ങളായി ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും കുടിവെള്ള വിതരണം സാധാരണ നിലയിലാക്കുന്നതിനും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെടണമെന്ന് സനൗഫൽ ആവശ്യപ്പെട്ടു.

15 ദിവസത്തിനകം കുടിവെള്ള പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുസ്‌ലിം യൂത്ത് ലീഗ് മുന്നോട്ടുപോകുമെന്നും എ.എം. സനൗഫൽ മുന്നറിയിപ്പ് നൽകി.

Related posts

കാറിടിച്ച് പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

Sudheer K

ബൈക്ക് മറിഞ്ഞ് അസ്മാബി കോളേജ് വിദ്യാർഥി മരിച്ചു

Sudheer K

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള പണി സാമഗ്രികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!