കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരണപ്പെട്ടു. എരുമപ്പെട്ടി തളി സ്വദേശി പണിക്ക വീട്ടിൽ കുഞ്ഞു മൊയ്തീൻ (73) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കുഞ്ഞു മൊയ്തീൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ പറമ്പിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻവശം ഭാഗികമായും സ്കൂട്ടർ പൂർണ്ണമായും തകർന്നിട്ടുണ്ട്.
നിലവിൽ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
