തൃപ്രയാർ: സഹപാഠിക്ക് കരുതലായി വിദ്യാർത്ഥികൾ. നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികളാണ് 9 വർഷമായി മുടങ്ങിയിരുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പണം കണ്ടെത്തി നൽകി മാതൃകയായത്.
സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങി കിടന്നിരുന്ന 3¼ സെന്റ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ഇടപെടലിലൂടെ ഇന്നലെ പൂർത്തിയാക്കിയത്.
വർഷങ്ങൾക്കുമുമ്പ് സ്ഥലം വാങ്ങുന്നതിനായി അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും ശേഷിച്ച തുക നൽകാൻ കഴിയാതെ രജിസ്ട്രേഷൻ നടപടികൾ നിലച്ചിരിക്കുകയായിരുന്നു. സ്കൂളിന്റെ പതിവ് പ്രവർത്തനമായ “ഓരോ കുട്ടിയുടെയും വീട്ടിലേക്ക് അധ്യാപകർ” സന്ദർശനത്തിനിടയിലാണ് സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥിയുടെ ദുരവസ്ഥ മനസ്സിലാക്കിയത്.
തുടർന്ന് എൻഎസ്എസ് വിദ്യാർത്ഥികളുമായി ചർച്ച നടത്തി. ആവശ്യമായ തുക സമാഹരിക്കാൻ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്നുള്ള ഈ ശ്രമം വിജയകരമായി പൂർത്തിയാകുകയും റജിസ്ട്രേഷന് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തു. തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഇന്നലെ സ്ഥലം ഔദ്യോഗികമായി കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി എസ് പി നസീർ, പ്രിൻസിപ്പാൾ ജയബിനി എന്നിവരുടെ സാന്നിധ്യത്തിൽ പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, എൻഎസ്എസ് ലീഡർമാരായ കെ.എസ്.ദേവദർശൻ, ഇ. എച്ച്.ശിവനന്ദ എന്നിവർചേർന്ന് ബാക്കിയുള്ള തുക കൈമാറി. രജിസ്ട്രേഷൻ പൂർത്തിയാക്കി പരിപാടിയിൽ എൻഎസ്എസ് വളണ്ടിയേഴ്സ് ആയ രോഷിത്ത് അരുൺ. ടി.എൻ.മുഹമ്മദ് അഷറഫ്, നിവ സാബു, ഹിബ സാജുദ്ദീൻ. റയാൻ ഷമീർ, എൻഎസ്എസ് അസിസ്റ്റന്റ് കോർഡിനേറ്ററായ ഇ.ബി.ഷൈജ തുടങ്ങിയവർ സംബന്ധിച്ചു
സാമൂഹിക പ്രതിബദ്ധതയും സഹകരണ മനോഭാവവും പ്രകടമാക്കുന്ന ഈ പ്രവർത്തനം, വിദ്യാർത്ഥി സമൂഹത്തിനും പൊതുജനങ്ങൾക്കും മാതൃകയായി മാറിയിരിക്കുകയാണ്. മുൻപ് മൂന്നു വീടുകൾ പണി കഴിപ്പിച്ചു കൊടുക്കുകയും നിരവധി ജപ്തി നടപടികൾ ഒഴിവാക്കുകയും വിദ്യാർത്ഥികളുടെ ഇടപെടലിലൂടെ സാധിച്ചിരുന്നു.
