തൃപ്രയാർ: കേരളത്തിലെ പാലങ്ങൾ പൊളിഞ്ഞ് വീഴുമ്പോഴും
മാർക്സിസ്റ്റ് പാർട്ടിയുടെ ബിജെപിയുമായുള്ള ബന്ധത്തിലെ പൊളിയാത്ത പാലമായി ജോൺ ബ്രിട്ടാസ് എംപി നിലനിൽക്കുകയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
നാട്ടിക ശ്രീനാരായണ ഹാളിൽ
യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുനവ്വറലി തങ്ങൾ.
ആർഎസ്എസിനേയും സിപിഎമ്മിനേയും ബന്ധിപ്പിക്കുന്ന ഡാർക്ക് ബ്രിഡ്ജ് യഥാർത്ഥത്തിൽ ജോൺ ബ്രിട്ടാസാണ്. മലയാളികൾക്കിടയിൽ ആർഎസ്എസ് വിരോധം പ്രസംഗിക്കുകയും സംഘപരിവാറിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന ഒരാളായി ജോൺ ബ്രിട്ടാസ് മാറിയിരിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.
പിഎംശ്രീ പദ്ധതിക്ക് പിറകിലെ രഹസ്യങ്ങൾ പുറത്ത് വന്നത് മാത്രമല്ല, പിണറായി സർക്കാർ അകപ്പെട്ട പല കേസുകളിലും
പിന്നാമ്പുറ നീക്കങ്ങൾക്ക് ഡൽഹിയിൽ ചുക്കാൻ പിടിക്കുന്നതും ബ്രിട്ടാസാണ്.
കാവൽക്കാർ കൊള്ളക്കാരാകുന്ന കാഴ്ചയാണ് ശബരിമല സ്വർണ്ണ കവർച്ചയിൽ കാണുന്നത്. ദൈവത്തിന്റേതെന്ന് കണക്കാക്കുന്ന സ്വത്തു വഹകളാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ഉന്നതർ അടിച്ചു മാറ്റിയിരിക്കുന്നത്. ദൈവത്തിനും വിശ്വാസത്തിനും വില കൽപ്പിക്കാത്തവർക്ക് മാത്രമേ ഇതിന് കൂട്ട് നിൽക്കാൻ കഴിയൂ.
ഇത്തരം ഹീന കൃത്യങ്ങൾക്കെതിരെ
കേരളത്തിലെ മതേതര വിശ്വാസികൾ തിരഞ്ഞെടുപ്പിലൂടെ വിധിയെഴുതണമെന്ന്
മുനവറലി തങ്ങൾ പറഞ്ഞു.
യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി
ചെയർമാൻ നൗഷാദ് ആറ്റപറമ്പത്ത് അധ്യക്ഷനായി. എഐസിസി സെക്രട്ടറി
ടി.എൻ. പ്രതാപൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ്, സംസ്ഥാന സെക്രട്ടറി
പി.എം. സാദിക്കലി, കെ.എ. ഹാറൂൺ റഷീദ്, വി.ആർ. വിജയൻ, അനിൽ പുളിക്കൽ, കെ.എ. കബീർ, പി.എം. സിദ്ദിഖ്, സി.കെ. ഷാജി, കെ.എ. റഷീദ്, എ.എൻ. സിദ്ധപ്രസാദ് എന്നിവർ പ്രസംഗിച്ചു.
