തൃപ്രയാർ : എഴുത്തിലും വ്യക്തിജീവിതത്തിലും കലഹത്തെ സർഗ്ഗാത്മമാക്കിയ വിമർശകനായിരുന്നു ബാലചന്ദ്രൻ വടക്കേടത്തെന്ന് സാഹിത്യ നിരൂപകനും സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയുമായ നെടുമുടി ഹരികുമാർ അഭിപ്രായപ്പെട്ടു. “വീണ്ടെടുപ്പ്” സാഹിത്യ ക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വലപ്പാട് ഏങ്ങൂർ ശ്രീഭുവനേശ്വരീ ക്ഷേത്രം ഹാളിൽ സംഘടിപ്പിച്ച “പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സാഹിത്യപുരസ്ക്കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം. സാഹിത്യത്തിൽ ഇന്ന് ബാഹ്യശക്തികളുടെ കടന്നുകയറ്റം ശക്തമാണ്. ജാര നിർമ്മിതികളുടെ കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരൂപണത്തിൻ്റെ പ്രഭാവം ശോഷിച്ച കാലത്ത് ഈ രംഗത്ത് സജീവമായി ഇടപെട്ട രണ്ടു പേരാണ് ബാലചന്ദ്രൻ വടക്കേടത്തും എം.കെ. ഹരികുമാറുമെന്ന് നോവലിസ്റ്റ് യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന ജ്വലനശേഷിയുള്ള വാക്കുകളാണ് ഇവരുടെ രണ്ടു പേരുടെയുമെന്നും എഴുത്തിൽ കക്ഷി രാഷ്ട്രീയം പുലർത്തുന്നവരല്ല ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിയും “വീണ്ടെടുപ്പ്” ചെയർമാനുമായ കെ. ദിനേശ് രാജാ അധ്യക്ഷത വഹിച്ചു. പ്രഥമ “വീണ്ടെടുപ്പ്” – ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സാഹിത്യ പുരസ്ക്കാരങ്ങളും പ്രശസ്തിപത്രങ്ങളും പൊന്നാടകളും യു.കെ. കുമാരൻ സാഹിത്യ നിരൂപകൻ എം. കെ. ഹരികുമാറിനും കവയിത്രി നോമികൃഷ്ണക്കും സമ്മാനിച്ചു. എഴുത്തുകാരി ഡോ. പി. സരസ്വതി മുഖ്യ അനുസ്മരണപ്രസംഗം നടത്തി. ആർട്ടിസ്റ്റ് രവീന്ദ്രൻ വലപ്പാട്, സാഹിത്യ നിരൂപകൻ എം. ഡി. ചന്ദ്രമോഹൻ, “കളിമണ്ഡലം” ചെയർമാൻ സദു ഏങ്ങൂർ, ഷിലിൻ പൊയ്യാറ, ജോസ് താടിക്കാരൻ എന്നിവർ സംസാരിച്ചു. എം.കെ. ഹരികുമാർ, നോമികൃഷ്ണ എന്നിവർ സംസാരിച്ചു.
നേരത്തേ ബാലചന്ദ്രൻ വടക്കേടത്തിൻ്റെ ചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചും പുഷ്പാർച്ചന നടത്തിയുമാണ് ചടങ്ങുകൾ തുടങ്ങിയത്.
previous post
