തൃപ്രയാർ: വാടാനപ്പള്ളി പഞ്ചായത്തിലെ റോഡുകളെല്ലാം തകർന്ന് അപകട നിലയിലാണെന്നും ഇതിനു കാരണക്കാർ കരാറുകാരാണെന്നും പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. റോഡുകളുടെ തകർച്ച മൂലം ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളെ സംബന്ധിച്ച് പലവട്ടം കരാറുകാരെ ധരിപ്പിച്ചിരുന്നു. മഴ ക്കാലം കഴിയാതെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയില്ലെന്ന നിഷേധക നിലപാടാണ് കാരാറുകാരിൽ നിന്നുണ്ടായത്. സമീപ പഞ്ചായത്തുകളിലെല്ലാം റോഡ് നിർമ്മാണം നടക്കുമ്പോഴാണ് വാടാനപ്പള്ളിയിൽ മാത്രം കരാറുകാർ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. ഇതു മുതലെടുത്തും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും കോൺഗ്രസ് – ബി.ജെ.പി കൂട്ടുകെട്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമരം നടത്തിവരുകയാണ്. റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രി ക്കും നിവേദനം നൽകിയിട്ടുണ്ടന്നും പ്രസിഡൻറ് പറഞ്ഞു. അംഗങ്ങളായ സി.എം. നിസാർ, ഷൈജ ഉദയകുമാർ, സരിത ഗണേശൻ, എം.എസ്. സുജിത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
