പെരിഞ്ഞനം: കോവിലകം കിഴക്ക് ഭാഗത്ത് പുലിയെന്ന സംശയത്തിൽ നാട്ടുകാർ കണ്ടത് കാട്ടുപൂച്ചയെയാണെന്നു ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചു. ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ മൊബൈൽ പാർട്ടി ഓഫീസർ നടത്തിയ പരിശോധനയിലാണ്, കണ്ടത് കാട്ടുപൂച്ചയാണെന്ന് ഉറപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പുലിയെ കണ്ടതായി പറഞ്ഞ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ട്പൂച്ച തന്നെയാണെന്ന് ഉറപ്പിച്ചത്. ഇതോടെ ഏറെ നേരം പരിഭ്രാന്തരായ ജനങ്ങൾക്ക് ആശ്വാസമായി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് കോവിലകം കിഴക്ക് ഭാഗത്ത് പുലിയെ കണ്ടതായി സംശയം ഉയർന്നത്.
വീടിൻ്റെ മതിലിൽ കയറി നടക്കുന്ന ദൃശ്യവും പുറത്ത് വന്നിരുന്നു. സംഭവമറിഞ്ഞ് കയ്പമംഗലം പോലിസും പെരിഞ്ഞനം പഞ്ചായത്ത് അധികൃതരും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. കണ്ടത് കാട്ടുപൂച്ചയെ ആണെന്നറിഞ്ഞതോടെയാണ് മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെ പരിഭ്രാന്തിക്ക് വിരാമമായത്
