പെരിഞ്ഞനം : ടാറിംഗ് മെഷീനിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളായ യാത്രക്കാർക്ക് പരിക്ക്. ദേശീയപാത 66ൽ പെരിഞ്ഞനത്ത് ഡോ. അമ്പൂക്കൻ്റെ ക്ലിനിക്കിനടുത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. നിർദ്ദിഷ്ട ദേശീയ പാത നിർമ്മാണ കമ്പനിയുടെ വലിയ ടാറിംഗ് മെഷീൻ കൊണ്ടുപോയ ട്രെയിലർ ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആലുവ സ്വദേശികളായ നബീൽ(36), ഭാര്യ നൂറിയ(35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിലർ ലോറിയിലെ ടാറിംഗ് മെഷീൻ പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ് കൊണ്ട് പോയിരുന്നത്. ഇത് കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. തള്ളി നിൽക്കുന്ന ഭാഗത്ത് യാതൊരു മുന്നറിയിപ്പുകളും സൂചനകളും ഉണ്ടായിരുന്നില്ലെന്ന് കാറിലുണ്ടായവർ പറയുന്നു. കൂടാതെ, ലോറിയുടെ ഹെഡ്‌ലൈറ്റ് ഹൈബീമിലായിരുന്നതിനാൽ ദൃശ്യമേഖല പരിമിതപ്പെട്ടതായും കാർ യാത്രികർ കുറ്റപ്പെടുത്തി.കാറിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
