തളിക്കുളം: കടലാക്രമണം രൂക്ഷമായതോടെ തളിക്കുളം സ്നേഹതീരം ബീച്ചിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ അപകടാവസ്ഥയിൽ. ഏതു നിമിഷവും കംഫർട്ട് സ്‌റ്റേഷൻ നിലംപൊത്തുന്ന സ്ഥിതിയിലാണ് . തറ വരെ കടലെടുത്തു. കര തുരന്ന് തിരയടിച്ചു കയറുന്നതോടെ സുരക്ഷക്കായി വെച്ചു പിടിപ്പിച്ചിട്ടുള്ള കൂറ്റൻ കാറ്റാടി – ബദാം മരങ്ങൾ ഏറെയും കടപുഴകി. . സമീപം കടൽ ഭിത്തിയില്ലാത്തതാണ് തിരയടിച്ച് വെള്ളം കയറാൻ കാരണം . സ്‌നേഹതീരം പാർക്കിൻ്റെ സുരക്ഷക്കായി കടൽഭിത്തിയുണ്ടെങ്കിലും കംഫർട്ട് സ്‌റ്റേഷന് സമീപം ഭിത്തി നിർമ്മിച്ചിട്ടില്ല.ബീച്ച് കണ്ട് കടലിലെ ഉപ്പുവെള്ളത്തിൽ കുളിച്ച് കയറുന്നവർക്ക് നല്ല വെള്ളത്തിൽ കുളിച്ച് മടങ്ങാനും മത്‌സ്യ തൊഴിലാളികൾക്കും മറ്റും ഉപയോഗിക്കാനുള്ള സംവിധാനത്തിലാണ് പഞ്ചായത്ത് ഇടപെട്ട് ലക്ഷങ്ങൾ മുടക്കി കടലോരത്ത് കംഫർട്ട് സ്‌റ്റേഷൻ നിർമിച്ചത്. സുരക്ഷയില്ലാതെയുള്ള നിർമാണം കാരണം ലക്ഷങ്ങൾ പാഴായി പോകുന്ന അവസ്ഥയാണ്. ഒരാഴ്ചയായി മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ഇതാണ് കംഫർട്ട് സ്‌റ്റേഷന് അടുത്തു വരെ എത്താൻ കാരണം . ഇവ തകരുന്നത് തടയാൻഎത്രയും പെട്ടെന്ന് സമീപം മണൽ ചാക്കുകൾ നിരത്തണമെന്നും കരിങ്കല്ല് അടിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം.
നിലവിൽ വലിയ തിരമാലകൾ ഉള്ളതുകൊണ്ട് ടൂറിസ്റ്റുകൾക്ക് കടലിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
