വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്ന് മാൾട്ടയിലേക്ക് വർക്കിംഗ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ചര ലക്ഷം തട്ടിയെടുത്ത ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), ഇയാളുടെ ഭാര്യ രേഷ്മ (35) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളത്ത് നിന്ന് പിടികൂടിയത്. മാൾട്ടയിലേക്ക് വർക്കിംഗ് വിസ വാഗ്ദാനം ചെയ്ത് അക്കൗണ്ടിലൂടെ പണം വാങ്ങിയ ശേഷം വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി.ഷൈജു., എസ്.ഐ. സനദ് എൻ.പ്രദീപ് , എസ്.സി.പി.ഒ ജിനേഷ്, സി.പി.ഒ സുമി, അമൽരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
