കാഞ്ഞാണി: സമ്മാനം അടിച്ചെന്ന് പറഞ്ഞ് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി നൽകി തട്ടിപ്പ്. കാഞ്ഞാണിയിൽ റോഡരികിൽ ലോട്ടറി വിൽക്കുന്ന മണലൂർ സ്വദേശി കണ്ണൻ്റെ കയ്യിൽ നിന്നാണ് ആയിരം രൂപ തട്ടിച്ചത്. കിഡ്നി രോഗി കൂടിയായ കണ്ണൻ മരുന്നു വാങ്ങാൻ വെച്ച പണമാണ് നഷ്ടപ്പെട്ടത്.
ദുരിതങ്ങൾക്കിടയിലും ആരുടെ മുന്നിലും കൈനീട്ടാതെ അന്തസ്സോടെ ജീവിക്കാൻ ശ്രമിച്ച കണ്ണനെയാണ് അക്കങ്ങൾ തിരുത്തി പറ്റിച്ചത്. ഇരുപത്തിയെട്ട് വർഷമായി സ്വകാര്യ ബസ്സുകളിൽ ഡ്രൈവറായിരുന്ന കണ്ണന്റെ ജീവിതയാത്രയിൽ ആറുമാസം മുൻപാണ് കരിനിഴൽ വീണത്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിന് പിന്നാലെ കിഡ്നി രോഗവും കൂടി പിടിപെട്ടതോടെ ഡ്രൈവർ പണി ഉപേക്ഷിച്ചു. വീണ്ടും കാഴ്ച്ച തിരികെ ലഭിച്ചപ്പോൾ ഉപജീവനത്തിനായി കണ്ണൻ ലോട്ടറി വില്പനയിലേക്ക് തിരിയുകയായിരുന്നു. ചെറിയ സമ്മാനത്തുകകൾ കൈമാറി ടിക്കറ്റ് തിരികെ വാങ്ങുന്ന പതിവ് കണ്ണനില്ല. എന്നാൽ,സമീപിച്ച ആളുടെ വാക്കുകളിലെ വിശ്വാസ്യത മുഖവിലയ്ക്കെടുത്താണ് കണ്ണൻ ആയിരം രൂപ എടുത്തുനൽകിയത്.
ഭാഗ്യതാര ലോട്ടറി ടിക്കറ്റിലെ 621038എന്നതിലെ 8 എന്ന അക്കം കൗശലപൂർവ്വം ‘3’ എന്നാക്കി തിരുത്തിയായിരുന്നു തട്ടിപ്പ്. സമീപത്തെ ഏജൻസിയിൽ എത്തി ടിക്കറ്റ് മാറാൻ ശ്രമിച്ചപ്പോഴാണ് കൃത്രിമം നടന്നതാണെന്ന സത്യം കണ്ണൻ അറിയുന്നത്.
ദിവസം മുഴുവൻ അലഞ്ഞ് ആകെ അറുപത് ടിക്കറ്റുകൾ വിറ്റഴിക്കുമ്പോഴും, നാനൂറിൽ താഴെ രൂപ മാത്രമാണ് കണ്ണന് വരുമാനമായി ലഭിക്കുന്നത്. അന്തിക്കാടും പെരിങ്ങോട്ടുകരയിലും മുൻപും സമാനമായ തട്ടിപ്പുകൾ അരങ്ങേറിയിട്ടുള്ള സാഹചര്യത്തിൽ, നിസ്സഹായരായ ലോട്ടറി വില്പനക്കാർക്കെതിരെയുള്ള ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുകയാണ്.
