തൃപ്രയാർ : പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും വിദ്യാർഥികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കൈവശം സൂക്ഷിച്ചിരുന്ന 7 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കരയാമുട്ടം സ്വദേശി പനങ്ങാട് വീട്ടിൽ അഭിനവ് (24) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകിട്ട് 4.30 യോടെ വലപ്പാട് കോതകുളം ബീച്ച് റോഡിലെ ഇല്ലിക്കുഴിയിൽ നടത്തിയ പരിശോധനയിലാണ് റോഡരികിൽ നിൽക്കുകയായിരുന്ന അഭിനവിനെ 7 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. പ്രതിയിൽനിന്ന് മയക്കുമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് കരുതുന്ന 15,000 രൂപയും പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരമുള്ള വകുപ്പുകൾക്കു പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 77-ാം വകുപ്പും കൂട്ടിച്ചേർത്ത് കേസെടുത്തു.
വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ പി.കെ.പത്മരാജൻ വലപ്പാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി.ആർ.മൗഷമി, എസ് ഐ അമൽരാജ്, ജി എ എസ് ഐ സി.ജി.ധനേഷ്, സിപിഒ അശ്വിൻ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
